ഇടതുപക്ഷ പ്രവര്‍ത്തകര്‍ കൂടുതല്‍ കരുതിയിരിക്കണം, ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം: ഇ.പി ജയരാജൻ

 

സംസ്ഥാനത്താകെ അക്രമം അഴിച്ചുവിട്ട് പ്രകോപനം സൃഷ്ടിച്ച് കലാപത്തിന് കോപ്പ് കൂട്ടുകയാണ് കോണ്‍ഗ്രസെന്ന് മന്ത്രി ഇ.പി ജയരാജൻ. വെഞ്ഞാറമൂട്ടില്‍ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ മിഥിലാജിനേയും ഹഖ് മുഹമ്മദിനെയും കൊലപ്പെടുത്തിയവരെ കോൺഗ്രസ് എം പിയായ അടൂര്‍ പ്രകാശ് സഹായിച്ചുവെന്നതിന് തെളിവുകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവരികയും ചെയ്യുന്നുണ്ടെന്ന് ഇ.പി ജയരാജൻ പറഞ്ഞു.

ഇ.പി ജയരാജന്റെ പ്രസ്താവന:

സംസ്ഥാനത്താകെ അക്രമം അഴിച്ചുവിട്ട് പ്രകോപനം സൃഷ്ടിച്ച് കലാപത്തിന് കോപ്പ് കൂട്ടുകയാണ് കോണ്‍ഗ്രസ്. കായം കുളത്ത് സിയാദ് എന്ന സഖാവിനെ വെട്ടിക്കൊന്നാണ് അതിന് തുടക്കം കുറിച്ചത്. 10 ദിവസത്തിനകം വെഞ്ഞാറമൂട്ടില്‍
നാടിന് പ്രിയങ്കരരായ സഖാക്കള്‍ മിഥിലാജിനേയും ഹഖ് മുഹമ്മദിനെയും ഇല്ലാതാക്കി. ഇന്നലെ രാത്രി കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി ഓഫീസ് സെക്രട്ടറി അഖിലിനേയും അക്രമിച്ചു.

രാഷ്ട്രീയമായി സിപിഐഎം നെയും ഇടതുപക്ഷത്തേയും ഇല്ലാതാക്കാനാകില്ല എന്ന് മനസ്സിലായതോടെ, പ്രവര്‍ത്തകരെ കൊലപ്പെടുത്തി ഇല്ലാതാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇതിന് സര്‍വ പിന്തുണയും നല്‍കി നേതൃത്വവും കൂടെയുണ്ട്. എം പിയായ അടൂര്‍ പ്രകാശ് പ്രതികളെ സഹായിച്ചുവെന്നതിന് തെളിവുകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവരികയും ചെയ്യുന്നു. ഒപ്പം യൂത്ത്‌കോണ്‍ഗ്രസ് പുതിയ നേതൃത്വത്തിന് കീഴില്‍ വന്നതിന് ശേഷമാണ് കൊലപാതകങ്ങളും അക്രമങ്ങളും എന്നതും ദുരൂഹമാണ്.

നിയമസഭയില്‍ ഏറ്റുവാങ്ങേണ്ടിവന്ന നാണക്കേടിന്റെ ജാള്യത മറക്കാനും, ഗവണ്മെന്റിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പൊളിയുകയും ചെയ്തതോടെ നിക്കക്കള്ളിയില്ലാത്ത കോണ്‍ഗ്രസ് അക്രമത്തിന്റെ പാത സ്വീകരിച്ചു. പിടിക്കപ്പെട്ട പ്രതികളെല്ലാം കോണ്‍ഗ്രസുകാരെന്ന് തെളിഞ്ഞു. അക്രമത്തെ അപലപിക്കുകയോ എതിര്‍ക്കുകയോ ചെയ്യാത്ത പ്രതിപക്ഷ നേതാവുള്‍പ്പടെയുള്ളവര്‍ ഇപ്പോഴും പ്രതികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അല്ല എന്ന് പറഞ്ഞ് തടിയൂരാനാണ് ശ്രമിക്കുന്നത്.

ഇടതുപക്ഷ പ്രവര്‍ത്തകര്‍ കൂടുതല്‍ കരുതിയിരിക്കണം. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. വലിയ ജനപിന്തുണയുമായി പോകുന്ന ഗവണ്മെന്റിന്റെ വിജയം തെല്ലൊന്നുമല്ല പ്രതിപക്ഷത്തെ വിശിഷ്യാ കോണ്‍ഗ്രസിനെ അലട്ടുന്നത്. തുടര്‍ഭരണം ലക്ഷ്യമാക്കി മുന്നേറുന്ന ഗവണ്മെന്റിനെതിരെ മറ്റെല്ലാ ആയുധങ്ങളും ഇല്ലാതായതോടെ കത്തിയും കഠാരയും വാളുകളുമെടുത്ത് അവര്‍ രംഗത്തെത്തിയിരിക്കുകയാണ്. തടസ്സം നില്‍ക്കുന്നവരെ ഇല്ലതാക്കുക എന്ന സംഘപരിവാര്‍ അജണ്ടയാണ് കോണ്‍ഗ്രസിനുമുള്ളതെന്ന് നേരത്തെതന്നെ വ്യക്തമാണ്. കോണ്‍ഗ്രസിന്റെ കലാപ നീക്കം കേരള ജനത തിരിച്ചറിയണം. ഒന്നിച്ച് നിന്ന് ഈ ആപത്തിനേയും നമ്മള്‍ അതിജീവിക്കും.

https://www.facebook.com/epjayarajanonline/posts/1272553386421609