ലീഗ് കൈവിട്ടെങ്കിലും പൊലീസ് കേസെടുത്തു; ഹരിതയുടെ പരാതിയില്‍ എം.എസ്.എഫ് നേതാക്കള്‍ കുരുക്കില്‍

ഹരിത നേതാക്കളുടെ പരാതിയില്‍ എംഎസ്എഫ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍ വഹാബ് എന്നിവര്‍ക്കെതിരെയാണ് കോഴിക്കോട് വെള്ളയില്‍ പൊലീസ് കേസെടുത്തത്. ഹരിത നേതാക്കള്‍ വനിതാ കമ്മീഷന് നേരത്തെ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ വി ജോര്‍ജിന് വനിതാകമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

എ വി ജോര്‍ജ് ഇന്നുച്ചയോടെ റിപ്പോര്‍ട്ട് നടത്തിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നായിരുന്നു പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് എംഎസ്എഫ് സംസ്ഥാന കമ്മിറ്റി ഓഫീസ് നിലനില്‍ക്കുന്ന വെള്ളയില്‍ പൊലീസിന് കേസെടുക്കാന്‍ വനിതാ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്. നേരത്തെ ഹരിത നേതാക്കള്‍ എംഎസ്എഫ് നേതാക്കള്‍ക്കെതിരായ ശബ്ദസന്ദേശങ്ങളടക്കം തെളിവായി സമര്‍പ്പിച്ചിരുന്നു.

നേരത്തെ ലീഗ് നേതാക്കള്‍ ഹരിത കമ്മിറ്റിയെ മരവിപ്പിച്ചതായുള്ള പത്രക്കുറിപ്പ് പുറത്തു വന്നതിന് പിന്നാലെയാണ് എംഎസ്എഫ് നേതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രശ്‌നപരിഹാരത്തിനായി ലീഗ് നേതാക്കളെ സമീപിച്ചെങ്കിലും പരാതി പിന്‍വലിച്ചാല്‍ മാത്രം നടപടിയെന്ന നിലപാടായിരുന്നു ലീഗ് നേതൃത്വം സ്വീകരിച്ചത്. എന്നാല്‍ പരാതി പിന്‍വലിക്കാന്‍ തയ്യാറാകാതിരുന്നതിന്റെ പേരിലാണ് ഹരിതയെ മരവിപ്പിച്ചത്.