ലീഗ് - സി.പി.എം അവിശുദ്ധബന്ധം തെളിഞ്ഞു: കെ.സുരേന്ദ്രൻ

എ ആർ ബാങ്കിലെ കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണം ഇഡി അന്വേഷിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് വർഷങ്ങളായുള്ള ലീഗ് – സിപിഎം അവിശുദ്ധ ബന്ധത്തിൻ്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.

മുസ്ലിം ലീഗിലെ കുഞ്ഞാലിക്കുട്ടി വിഭാഗവുമായുള്ള സിപിഎമ്മിൻ്റെയും മുഖ്യമന്ത്രിയുടേയും ബന്ധമാണ് ജലീലിനെ വരെ തള്ളി പറയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. സംസ്ഥാനത്ത് വരാൻ പോകുന്ന അവിശുദ്ധ കൂട്ടുകെട്ടിൻ്റെ പരസ്യമായ വിളബരമാണ് മുഖ്യമന്ത്രി നടത്തിയത്. കേരളത്തിലെ സഹകരണ ബാങ്കുകളിലെ കള്ളപ്പണ ഇടപാടിലൂടെയാണ് ജിഹാദി- സിപിഎം ബന്ധം ദൃഢമാകുന്നത്. സിപിഎമ്മിൻ്റെ അധീനതയിലുള്ള സഹകരണ ബാങ്കുകളിലുള്ള കള്ളപ്പണത്തിലേക്ക് അന്വേഷണം എത്തുമോയെന്ന ഭയം മുഖ്യമന്ത്രിയുടെ വാക്കുകളിൽ വ്യക്തമാണ്.

എ.ആർ ബാങ്കിലെ കള്ളപ്പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്ന കെ.ടി ജലീലിൻ്റെ പ്രസ്താവന ഗൗരവതരമാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. മാറാട് കലാപം മുതൽ പാലാരിവട്ടം പാലം വരെയുള്ള സംഭവങ്ങളിൽ ലീഗ്- മാർകിസ്റ്റ് ബന്ധം വ്യക്തമാണ്. ലീഗിൻ്റെ നിയന്ത്രണത്തിലുള്ള കോൺഗ്രസുകാർ കഥയറിയാതെ ആട്ടം കാണുകയാണ്. ആത്മാഭിമാനമുള്ള കോൺഗ്രസ് പ്രവർത്തകർ യുഡിഎഫ് വിട്ട് പുറത്തു വരണമെന്നും സുരേന്ദ്രൻ പറഞ്ഞു.