കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരിച്ചടിച്ചാല്‍ നേതൃത്വം തടയില്ല; എം.പി ഓഫീസ് ആക്രമണത്തെ അപലപിച്ച് കെ. മുരളീധരന്‍

കല്‍പ്പറ്റയില്‍ രാഹുല്‍ഗാന്ധിയുടെ എം പി ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തെ അപലപിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ആക്രമത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരിച്ചടിച്ചാല്‍ നേതൃത്വം തടയില്ല. സിപിഎം സംസ്ഥാന നേതൃത്വം അറിഞ്ഞാണ് എസ്എഫ്‌ഐ എംപി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും ബിജെപിയെ സന്തോഷിപ്പിക്കുന്ന കാര്യമാണ് സിപിഎം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഇനി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്തെങ്കിലും ചെയ്താല്‍ നേതൃത്വത്തിന് അത് തടയാന്‍ കഴിയില്ല. അവരെ പാര്‍ട്ടി നിയമ പരമായി സംരക്ഷിക്കും. അത്തരം ആക്രമങ്ങള്‍ക്ക് സിപിഎമ്മാണ് ഉത്തരവാദി. മാര്‍കിസ്റ്റ് പാര്‍ട്ടിയില്‍ എന്ത് കാര്യം നടക്കുമ്പോഴും സംസ്ഥാന നേതൃത്വം അറിയാതിരിക്കില്ലെന്ന് അതിന്റെ ഘടന പരിശോധിച്ചാല്‍ മനസ്സിലാകുമെന്നും കെ മുരളാധരന്‍ വ്യക്തമാക്കി.

മഹാത്മാഗാന്ധിയോടുള്ള ആര്‍എസ്എസ് നിലപാടിനേക്കാള്‍ രൂക്ഷമായാണ് സിപിഎം പ്രതികരിക്കുന്നത്. പയ്യന്നൂരില്‍ ഗാന്ധിയുടെ തല വെട്ടുകയായിരുന്നു.ഇന്നലെ അദ്ദേഹത്തിന്റെ ഛായാചിത്രവും നശിപ്പിച്ചുവെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ പരിപാടി ബഹിഷ്‌കരിക്കുന്നതടക്കമുള്ള കാര്യം യു.ഡി.എഫിന്റെ പരിഗണനയിലുണ്ട്. സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് രക്ഷപെടാനാണ് സിപിഎം ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നതെന്നും കേരള പൊലീസ് ഗുണ്ടാസംഘമായി മാറിയെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം ആക്രമണത്തെ അപലപിച്ച് എസ്എഫ്ഐ രംഗത്തെത്തി. ബഫര്‍ സോണുമായി ബന്ധപ്പെട്ട് ഒരു പ്രതിഷേധം ഉണ്ടാവുമെന്ന് മാത്രമാണ് സംസ്ഥാന കമ്മിറ്റിക്ക് അറിവുണ്ടായിരുന്നത്. മാര്‍ച്ച് എസ്എഫ്ഐ തീരുമാനിച്ചതല്ലെന്നും ദേശീയാധ്യക്ഷന്‍ വി പി സാനു പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.