കോണ്‍ഗ്രസ് പരാജയം; എ. കെ ആന്റണിയെ ചേരി തിരിഞ്ഞ് ആക്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ്, മുതിര്‍ന്ന നേതാവിനെ തകര്‍ക്കാമെന്ന ചിന്ത 'പാഴ്മുറം കൊണ്ട് സൂര്യനെ മറയ്ക്ക'ലെന്നും വിമര്‍ശനം

തിരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയുമായി ബന്ധപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തക സമിതി അംഗവും മുതിര്‍ന്ന നേതാവുമായ എ. കെ ആന്റണിയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുകയാണെന്ന് വ്യക്തമാക്കി, ഇതിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നേതാക്കള്‍ രംഗത്ത്. കെ പി സി സി നിര്‍വാഹക സമിതിയിലെ സ്ഥിരം ക്ഷണിതാവും ഗവേഷണ വിഭാഗം ചെയര്‍മാനും മാധ്യമ പ്രവര്‍ത്തകനുമായ ബി. എസ് ഷിജുവാണ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ തോല്‍വിയുടെ ഉത്തരവാദിത്വം ആന്റണിയുടെ തലയില്‍ മാത്രം കെട്ടിവെയ്ക്കാനുള്ള പാര്‍ട്ടിക്കുള്ളിലെ “സ്ഥാപിത താത്പര്യക്കാരുടെ കുത്സിത” ശ്രമത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തെ എ. കെ ആന്റണിയുടെ മകന്‍ അജിത് പോൾ ആന്റണിയും തോല്‍വിയുടെ ഉത്തരവാദിത്വം അച്ഛന് മാത്രമല്ല എന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു. ഒന്നാം യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ ഇടതുപാര്‍ട്ടികള്‍ പിന്‍വലിച്ച ഘട്ടത്തില്‍ ഗവണ്‍മെന്റിനെ നിലനിര്‍ത്തുന്നതിലും തുടര്‍ന്ന് രണ്ടാം യു.പി.എ സര്‍ക്കാര്‍ സാധ്യമാക്കുന്നതിലും നിര്‍ണായക ഇടപെടലുകള്‍ നടത്തിയ നേതാവാണ് എ.കെ ആന്റണി. സംശുദ്ധ രാഷ്ട്രീയത്തിന് ഉടമയായ എ.കെ.ആന്റണിയെ ഒറ്റ തിരിഞ്ഞ് ആക്രമിച്ച് തകര്‍ക്കാമെന്ന സ്ഥാപിത താത്പര്യക്കാരുടെ ചിന്ത പാഴ്മുറം കൊണ്ട് സൂര്യനെ മറയ്ക്കാന്‍ ശ്രമിക്കലാണെന്ന് പോസ്റ്റില്‍ ഷിജു മുന്നറിയിപ്പ് നല്‍കുന്നു.ഇവരെ നയിക്കുന്നത് കോണ്‍ഗ്രസ് തിരിച്ചു വരണമെന്ന വികാരമല്ലെന്നും സ്ഥാപിത താത്പര്യങ്ങളാണെന്നും ഇത്തരം പ്രചാരണത്തിന് പിന്നിലുള്ള കുബുദ്ധികളെ കുറിച്ച് പാര്‍ട്ടി നേതൃത്വം അന്വേഷിക്കണമെന്നും ജയ്ഹിന്ദ് ചാനലിന്റെ സാരഥി കൂടിയായ ഷിജു ആവശ്യപ്പെടുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം…

കഴിഞ്ഞ ഏതാനും ദിവസമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണിക്കെതിരെ സോഷ്യല്‍ മീഡിയില്‍ വ്യാപകമായി ആക്രമണം നടക്കുകയാണ്. പാര്‍ട്ടിക്കുള്ളിലെ സ്ഥാപിത താത്പര്യക്കാരാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നില്‍. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളെയും ഇതിന് മറയായി ഉപയോഗിക്കുന്നു.

കോണ്‍ഗ്രസിനെ 52 സീറ്റില്‍ ഒതുക്കിയത് എ.കെ ആന്റണിയാണെന്ന തരത്തിലാണ് പ്രചാരണം. തോല്‍വിയുടെ ഉത്തരവാദിത്വം എ.കെ ആന്റണിക്ക് മാത്രമാണോ.? പാര്‍ട്ടിക്ക് ഭരണവും ശക്തരായ മുഖ്യമന്ത്രിമാരുമുള്ള സംസ്ഥാനങ്ങളില്‍ പോലും അടിപതറിയില്ലേ?. ഇ.വി.എമ്മിലെ ക്രമക്കേടും വോട്ടെണ്ണലിലെ അപാകതയും സംബന്ധിച്ച വാര്‍ത്തകളും ഓരോ ദിവസവും പുറത്തുവന്നു കൊണ്ടിരിക്കുന്നു.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം മെയ് 25-ന് ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം തിരിച്ചടിയെ കുറിച്ച് പഠിക്കാനും തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാനും ധാരണ ആയാണ് പിരിഞ്ഞത്. പ്രവര്‍ത്തക സമിതിയുടെ ഈ തീരുമാനം നിലനില്‍ക്കെ, സോഷ്യല്‍ മീഡിയയെ ശിഖണ്ഡിയായി നിര്‍ത്തി, തോല്‍വിയുടെ ഉത്തരവാദിത്വം ഏതെങ്കിലും ഒരു നേതാവിന്റെ തലയില്‍ അടിച്ചേല്‍പ്പിക്കാനുള്ള കുത്സിത ശ്രമം അച്ചടക്ക ലംഘനമല്ലേ?.

സോഷ്യല്‍ മീഡിയയില്‍ നേതാക്കളെ വ്യക്തിഹത്യ നടത്തുകയും അവഹേളിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് കെ.പി.സി.സി പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രവര്‍ത്തകര്‍ പാലിക്കേണ്ട, കെ.പി.സി.സി പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നിലനില്‍ക്കുന്നുണ്ട്.

ഇതെല്ലാം നിലനില്‍ക്കെയാണ്, കേരളത്തിലെ മാത്രമല്ല, ദേശീയതലത്തിലേയും സമുന്നതനായ നേതാവായ എ.കെ ആന്റണിക്കെതിരായ സോഷ്യല്‍ മീഡിയ വഴിയുള്ള കുപ്രചാരണങ്ങളും വ്യക്തിഹത്യയും. സംശുദ്ധ രാഷ്ട്രീയത്തിന് ഉടമയായ എ.കെ.ആന്റണിയെ ഒറ്റ തിരിഞ്ഞ് ആക്രമിച്ച് തകര്‍ക്കാമെന്നാണ് സ്ഥാപിത താത്പര്യക്കാര്‍ കരുതുന്നത്. എന്നാല്‍ അത് പാഴ്മുറം കൊണ്ട് സൂര്യനെ മറയ്ക്കാന്‍ ശ്രമിക്കലാണെന്ന് വൈകിയാണെങ്കിലും ഇക്കൂട്ടര്‍ മനസ്സിലാക്കും.

ഒന്നാം യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ ഇടതുപാര്‍ട്ടികള്‍ പിന്‍വലിക്കുകയും സര്‍ക്കാരിനെ താഴെ ഇറക്കാന്‍ വേണ്ടി ശ്രമിക്കുകയും ചെയ്തപ്പോള്‍ ആ സര്‍ക്കാരിനെ നിലനിര്‍ത്തുന്നതിലും തുടര്‍ന്ന് രണ്ടാം യു.പി.എ സര്‍ക്കാര്‍ സാധ്യമാക്കുന്നതിനും നിര്‍ണ്ണായക ഇടപെടലുകള്‍ നടത്തിയ നേതാവാണ് എ.കെ.ആന്റണി. അവിടെയൊന്നും വിജയത്തിന്റെ അവകാശവാദം ഉന്നയിച്ചിട്ടുള്ള നേതാവല്ല അദ്ദേഹം.

ദേശീയ തലത്തില്‍ കോണ്‍ഗ്രസ് തിരിച്ചടി നേരിട്ടപ്പോഴും 19 ലോക്സഭംഗങ്ങളെ സംഭാവന ചെയ്യാന്‍ കേരളത്തെ പ്രാപ്തമാക്കിയതിന് പിന്നിലും എ.കെ.ആന്റണിയുടെ പങ്ക് വിലപ്പെട്ടതാണ്. കെ.കരുണാകരനും എ.കെ.ആന്റണിയും അടക്കമുള്ള നേതാക്കള്‍ പടുത്തുയര്‍ത്തി വിപുലപ്പെടുത്തിയ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അടിത്തറയാണ് ഈ മുന്നേറ്റത്തിന് യു.ഡി.എഫിന് കരുത്തായത്.

ഇപ്പോള്‍ തിരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ തിരിച്ചടി നേരിട്ടിരിക്കുന്നു. ഇതില്‍ എല്ലാ നേതാക്കള്‍ക്കും ഉത്തരാവാദിത്വമുണ്ട്. പരസ്പ്പരം ചെളിവാരിയെറിയലും ഒളിപ്പോരുമല്ല, തോല്‍വിയില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് തിരുത്തല്‍ നടപടികളാണ് ഇനി ആവശ്യം. മറിച്ച് ഏതെങ്കിലും നേതാക്കളെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് മറ്റ് ചില ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണ്. ഇവരെ നയിക്കുന്നത് കോണ്‍ഗ്രസ് തിരിച്ചുവരണമെന്ന വികാരമല്ല, മറിച്ച് സ്ഥാപിത താത്പര്യങ്ങളാണ്. ഇത്തരത്തില്‍ കുപ്രചാരണം നടത്തുന്ന സ്ഥാപിത താത്പര്യക്കാരെയും കുബുദ്ധികളെയും കുറിച്ച് അന്വേഷിക്കണമെന്ന് പാര്‍ട്ടി നേതൃത്വത്തോട് അഭ്യര്‍ത്ഥിക്കുന്നു.