ഉപതിരഞ്ഞെടുപ്പിൽ ഇങ്ങനെയാകും സ്‌കോർ നില; എൽ.ഡി.എഫ് - 3 , യു.ഡി.എഫ് - 2

അടുത്ത പൊതുതിരഞ്ഞെടുപ്പിന്റ സെമിഫൈനൽ എന്ന് വിശേഷിപ്പിക്കാവുന്ന ഉപതിരഞ്ഞെടുപ്പ് പൂരത്തിന് കൊടിയിറങ്ങുമ്പോൾ ഇരുമുന്നണികൾക്കും പ്രതീക്ഷയും ഒപ്പം ചില മണ്ഡലങ്ങളെ ഓർത്ത് ആശങ്കയും. പോളിംഗ് ശതമാനം വ്യക്തമായി താഴ്ന്ന എറണാകുളം മണ്ഡലത്തിലാണ് ശക്തമായ അനിശ്ചിതത്വം ഉളവാകുന്നത്. ഈ സാഹചര്യത്തിൽ സൗത്ത് ലൈവ് അഞ്ചു മണ്ഡലങ്ങളിലെയും പോളിംഗിന് ശേഷമുള്ള സ്ഥിതി വിലയിരുത്തുകയാണ്. ഇത് ഒരു സർവേയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടല്ല. ഈ മണ്ഡലങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകളുടെയും വോട്ടർമാരും പ്രവർത്തകരുമായി സംസാരിച്ചതിന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയ നിഗമനങ്ങളാണ്. ഞങ്ങളുടെ വിലയിരുത്തൽ അനുസരിച്ച് എൽ ഡി എഫ് മൂന്ന് സീറ്റുകളും യു ഡി എഫ് രണ്ടു സീറ്റും നേടാനുള്ള സാദ്ധ്യതകൾ ശക്തമാണ്. ഇത് എങ്ങനെയെന്ന് പരിശോധിക്കാം.

മഞ്ചേശ്വരം

വടക്ക് നിന്ന് തന്നെ തുടങ്ങാം;  മഞ്ചേശ്വരം സീറ്റിൽ മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള തീ പാറുന്ന പോരാട്ടമാണ് നടന്നത്. എന്നാൽ ഇത്തവണയും ഈ സീറ്റ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സ്ഥാനാർത്ഥി എം. സി കമറുദ്ദീൻ വിജയിക്കുന്നതിനുള്ള എല്ലാ സാദ്ധ്യതയും കാണുന്നു. 2016-ലെ തിരഞ്ഞെടുപ്പിൽ കണ്ട ചിത്രമല്ല ഇത്തവണത്തേത്. ഇവിടെ എൽ ഡി എഫ് സ്ഥാനാർത്ഥി ശങ്കർ റെ ആയിരിക്കും രണ്ടാമതായി ഫിനിഷ് ചെയ്യുക. ഭൂരിപക്ഷത്തെ കുറിച്ച് ഒരു വിലയിരുത്തൽ ഈ മണ്ഡലത്തിൽ അസാദ്ധ്യമാണ് എന്നതാണ് പ്രത്യേകത. അതിന് കാരണം അടിയൊഴുക്കുകളാണ്. മിക്കവാറും ഒരു ഫോട്ടോ ഫിനിഷിനാണ് മഞ്ചേശ്വരം സാക്ഷ്യം വഹിക്കുക. കാരണം ഇടതു , വലതു മുന്നണികൾ തമ്മിൽ അത്രമേൽ ശക്തമായ പോരാട്ടമാണ് നടന്നത് എന്നതാണ്. എന്നാൽ ഇവിടെയുണ്ടാകാൻ സാദ്ധ്യതയുള്ള അടിയൊഴുക്ക് ബി ജെ പി ഇത്തവണ സി പി ഐ എമ്മിന്റെ പരാജയം ഏതു വിധേനയും ഉറപ്പാക്കാൻ ശ്രമിക്കും എന്നതാണ്. കാരണം ഇടതു സ്ഥാനാർത്ഥി ജയിക്കുന്നത് അവരുടെ ഭാവിസാദ്ധ്യതകളെ ഇല്ലാതാക്കുമെന്ന ആശങ്കയാണ്. ഈ വിധത്തിൽ ഒരു അട്ടിമറി ഉണ്ടായാൽ മാത്രമാണ് മെച്ചപ്പെട്ട ഭൂരിപക്ഷത്തിന് യു ഡി എഫ് സ്ഥാനാർത്ഥി വിജയിക്കുക. ഓരോ മുന്നണിയും പരമാവധി പോൾ ചെയ്യിച്ചിട്ടുണ്ടെങ്കിൽ  നേരിയ വ്യത്യാസത്തിൽ കമറുദ്ദീൻ ജയിക്കാനാണ്  കൂടുതൽ സാദ്ധ്യത.

എറണാകുളം

എറണാകുളത്ത് പോളിംഗ് കുറഞ്ഞുവെന്നതിലാണ് എൽ ഡി എഫ് പ്രതീക്ഷ അർപ്പിക്കുന്നത്. എന്നാൽ ഇവിടെ യു ഡി എഫ് സ്ഥാനാർഥി ടി. ജെ വിനോദ് വിജയിക്കുന്നതിനാണ് എല്ലാ സാദ്ധ്യതയും. ഈ വർഷം നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിലെയും 2016-ലെ അസംബ്ലി തിരഞ്ഞെടുപ്പിലെയും ഭൂരിപക്ഷവും മണ്ഡലത്തിന്റെ കോൺഗ്രസ് ആഭിമുഖ്യവും എളുപ്പം മറികടക്കാവുന്ന ഒന്നല്ല. ഇക്കുറി യു ഡി എഫിന്റെ ഭൂരിപക്ഷം അത്ര വലുതാകാൻ സാദ്ധ്യതയില്ലെന്നതൊഴിച്ചാൽ വിജയം അവരിൽ നിന്ന് തട്ടിയെടുക്കാൻ തക്ക രാഷ്ട്രീയ കരുത്ത് ഇടതു മുന്നണിക്കില്ല. മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പുകൾ അടക്കം ഇതുവരെ നടന്ന 17 തിരഞ്ഞെടുപ്പുകളിൽ രണ്ടു തവണ മാത്രമാണ് വിജയം എൽ ഡി എഫിനൊപ്പം നിന്നത്. ആ ട്രാക്ക് റെക്കോഡിനെ കേവലം പോളിംഗ് കുറഞ്ഞു എന്ന പഴയ മുനതേഞ്ഞ സിദ്ധാന്തം കൊണ്ട് മറി കടക്കാൻ കഴിയില്ല. അതുകൊണ്ട് എറണാകുളം യു ഡി എഫിന്റെ കോട്ടയായി നിലകൊള്ളുമെന്ന് ഏറെക്കുറെ ഉറപ്പിക്കാം.

അരൂർ

തെക്കൻ കേരളത്തിലെ മൂന്ന് സീറ്റുകളും എൽ ഡി എഫ് നേടുമെന്ന ചിത്രമാണ് ഞങ്ങൾക്ക് പങ്കു വെയ്ക്കാനുള്ളത്. ഇതിൽ അരൂരിൽ നടന്നത് അതിശക്തമായ പോരാട്ടമായിരുന്നെങ്കിലും ഇവിടെ വിജയം ഇടതു മുന്നണി സ്ഥാനാർഥി മനു സി. പുളിക്കലിനൊപ്പമായിരിക്കുമെന്നാണ് മണ്ഡലത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ഒരു ഫോട്ടോ ഫിനീഷിനുള്ള എല്ലാ സാദ്ധ്യതയും ഇവിടെ കാണുന്നുണ്ടെങ്കിലും ചിലപ്പോൾ ഇടതു മുന്നണിക്ക് ഒരു മിന്നുന്ന വിജയവും ഉണ്ടായേക്കാം. വോട്ടെടുപ്പ് ദിവസം ക്രിസ്ത്യൻ മേഖലകളിൽ രാവിലെ മുതൽ നടന്ന കനത്ത പോളിംഗ് ഒരു സൂചനയായി എടുത്താൽ എൽ ഡി എഫിന് മെച്ചപ്പെട്ട ഭൂരിപക്ഷം ഉണ്ടാകാനും സാദ്ധ്യതയുണ്ട്. ഈഴവ സമുദായ വോട്ടുകളും കൂടുതലായി ഇടതു മുന്നണിയുടെ പെട്ടിയിലാണ് വീണിരിക്കുന്നത്. എന്നാൽ നേരിയ ഭൂരിപക്ഷത്തിൽ മനു സി.  പുളിക്കൽ കടന്നു കയറുന്നതിനുള്ള സാദ്ധ്യതകളാണ് ഇവിടെ കൂടുതൽ ശക്തം.

കോന്നി

കോന്നി മണ്ഡലം ഇത്തവണ യു ഡി എഫിന്റെ കയ്യിൽ നിന്ന് വഴുതിപ്പോകുന്നതിനുള്ള സാദ്ധ്യതയാണ് കാണുന്നത്. വർഗീയ രാഷ്ട്രീയം ശക്തമായി ഉയർത്തിപ്പിടിച്ച ബി ജെ പിക്ക് കോന്നിയിൽ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. ശബരിമല പ്രശ്നം പാർലമെന്റ് തിരഞ്ഞെടുപ്പിലെ എന്ന പോലെ ക്ലച്ച് പിടിപ്പിക്കാൻ ബി ജെ പിക്ക് കഴിഞ്ഞിട്ടില്ല. ശബരിമല വിഷയത്തിൽ വിശ്വാസികളെ കൂടുതൽ കബളിപ്പിച്ചത് ബി ജെ പിയും കേന്ദ്ര സർക്കാരുമാണെന്ന ബോദ്ധ്യവും ഇവിടെ വോട്ടർമാർക്കിടയിൽ ഉണ്ടായിട്ടുണ്ട്. കോൺഗ്രസ് ക്യാമ്പിലെ പടല പിണക്കങ്ങൾ യു ഡി എഫിന് നിർണായകമാണ്. ഓർത്തോഡോക്സ് സഭ ബി ജെ പിയുമായി ചങ്ങാത്തത്തിന് ശ്രമിക്കുന്നത് എന്തിനാണെന്നും വോട്ടർമാർക്ക് മനസ്സിലായിട്ടുണ്ട്. സഭയുടെ ആഹ്വനം കേട്ട് ഓർത്തോഡോക്‌സുകാർ കോൺഗ്രസിനെ വിട്ട് ബി ജെ പിയെ അനുകൂലിക്കാനുള്ള സാദ്ധ്യത വിരളമാണ്‌.  ഒരു ന്യൂനപക്ഷം അങ്ങനെ മാറിയാൽ  അത് കോൺഗ്രസിന് തിരിച്ചടിയാകും. വാസ്തവത്തിൽ ഓർത്തോഡോക്സ് സഭയുടെ നീക്കവും അതിനോട് ബി ജെ പി നടത്തിയ പ്രതികരണവും ഹിന്ദു വോട്ടുകളിൽ വിള്ളൽ വീഴ്ത്തുന്നതിനും ഇവിടെ കാരണമായതായാണ് മനസ്സിലാക്കുന്നത്. മണ്ഡലത്തിലെ വോട്ടർമാരുടെ പൾസ് മനസ്സിലാക്കുമ്പോൾ എൽ ഡി എഫ് വിജയിക്കുന്നതിനുള്ള നല്ല സാദ്ധ്യത കാണാനാകും.

വട്ടിയൂർക്കാവ്

വട്ടിയൂർക്കാവിൽ വിജയം മേയർ ബ്രോക്കൊപ്പം നിൽക്കുമെന്നാണ് സൂചനകൾ. തുടക്കം മുതൽ അലമാല പോലെ ഇരമ്പിക്കയറിയ വി. കെ പ്രശാന്തിന്റെ മുന്നേറ്റത്തെ ഒരു ഘട്ടത്തിൽ പോലും യു ഡി എഫിനോ, എൻ ഡി എ ക്കോ മറികടക്കാൻ കഴിഞ്ഞിട്ടില്ല. യുവവോട്ടർമാർക്കിടയിൽ ഒരു തരംഗമായി മാറിയത് പ്രശാന്തിന് വ്യക്തമായ മുൻതൂക്കം നൽകുന്നു. സ്ഥാനാർത്ഥി എന്ന നിലയിൽ മറ്റുള്ളവരെക്കാൾ ഏറെ മുന്നേറാൻ അദ്ദേഹത്തിന് കഴിഞ്ഞു. കെ.  മുരളീധരനെ പോലെ കരുത്തനായ സ്ഥാനാർത്ഥിയെ യു ഡി എഫിനും കുമ്മനത്തെ പോലെ ഒരു നേതാവിനെ ബി ജെ പിക്കും അണി നിരത്താൻ കഴിഞ്ഞില്ല. ആകെ എൻ എസ് എസ് നടത്തിയ ജാതിക്കളിയാണ് യു ഡി എഫിന് പിടിവള്ളിയായത്. എന്നാൽ ഇത് മറ്റൊരു രീതിയിൽ വോട്ടുകൾ ഇടതിന് അനുകൂലമായി കേന്ദ്രീകരിക്കുന്നതിനും കാരണമായിട്ടുണ്ട്. പൊതുവിൽ വിവിധ ഘടകങ്ങൾ വെച്ച് വിലയിരുത്തുമ്പോൾ വി. കെ പ്രശാന്ത് മൂവ്വായിരത്തിന് മുകളിൽ വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നാണ് ഞങ്ങളുടെ വിലയിരുത്തൽ.

ഇതിൽ ഫോട്ടോ ഫിനീഷിന് ഏറ്റവും സാദ്ധ്യതയുള്ള മണ്ഡലങ്ങളായ മഞ്ചേശ്വരത്തും അരൂരിലും മറിച്ച് സംഭവിക്കുന്നതിനുള്ള സാദ്ധ്യതയും തള്ളിക്കളയാൻ കഴിയില്ല.