എല്‍ദോ എബ്രഹാം എം.എല്‍.എയ്ക്ക് മര്‍ദ്ദനമേറ്റ സംഭവം; പാര്‍ട്ടിക്കുള്ളില്‍ രമ്യമായ പരിഹാരം കാണാൻ സി.പി.ഐ സംസ്ഥാന നേതൃത്വത്തില്‍ ധാരണ

എറണാകുളത്ത് എല്‍ദോ എബ്രഹാം എം.എല്‍.എയ്ക്കും നേതാക്കള്‍ക്കും മര്‍ദ്ദനമേറ്റ സംഭവത്തിന് പാര്‍ട്ടിക്കുള്ളില്‍ രമ്യമായ പരിഹാരം കാണാന്‍ സി.പി.ഐ സംസ്ഥാന നേതൃത്വത്തില്‍ ധാരണ. നേതൃത്വത്തിന്റെ മനസ്സിലിരിപ്പ് വ്യക്തമായതിനെ തുടര്‍ന്ന് സംഭവം അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച വിവരശേഖരണ സമിതിയുടെ റിപ്പോര്‍ട്ടില്‍ ആര്‍ക്കും എതിരെ നടപടി ശിപാര്‍ശയില്ല. ഡി.ഐ.ജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്ന കാര്യം സംസ്ഥാന നേതൃത്വത്തെ കൃത്യമായി അറിയിക്കുന്നതില്‍ ജില്ലാ നേതൃത്വത്തിന് വീഴ്ച സംഭവിച്ചു എന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. ഭരണത്തിലിരിക്കെ ഇത്തരം സമരങ്ങള്‍ നടത്തുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്. എന്നാല്‍ ജില്ലാ നേതൃത്വത്തിനെ പഴിചാരുന്ന റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സ്വീകരിച്ച നിലപാടിനെ പൂര്‍ണമായും ശരി വെച്ചിട്ടുണ്ട്. ലാത്തിചാര്‍ജിന് ശേഷം സര്‍ക്കാരിനെ കൊണ്ട് നടപടി എടുപ്പിക്കുന്നതില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഫലപ്രദമായി ഇടപെട്ടെന്നാണ് സമിതിയുടെ റിപ്പോര്‍ട്ടിലെ പരാമര്‍ശം. പ്രശ്‌നത്തില്‍ ഇടപെട്ട കാനം ഇക്കാര്യം പരസ്യമാക്കാത്തത് കൊണ്ടാണ് എറണാകുളത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വിഷമം ഉണ്ടായതെന്നും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്ത് നടപടി വേണമെന്ന് ചൊവ്വാഴ്ച രാവിലെ ചേരുന്ന സംസ്ഥാന എക്‌സിക്യൂട്ടിവ് തീരുമാനിക്കും.

പാര്‍ട്ടി ഭരണത്തിലിരിക്കെ നേതാക്കള്‍ക്കും എം.എല്‍.എയ്ക്കും പൊലിസ് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നിട്ടും അപലപിക്കാന്‍ തയ്യാറാകാത്തത് സി.പി.ഐയില്‍ സെക്രട്ടറി കാനം രാജേന്ദ്രന് എതിരെ വലിയ വികാരമുണ്ടാക്കിയിരുന്നു. ബ്‌ളാക്ക് മെയിലിംഗ് മൂലമാണ് സര്‍ക്കാരിനെതിരെ കര്‍ശന നിലപാട് എടുത്ത കാനം പൊടുന്നനെ നിലപാട് മാറ്റിയതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. കാനത്തിന്റെ വ്യക്തിപരമായ വിശ്വാസ്യതയ്ക്കും പ്രതിച്ഛായയ്ക്കും കോട്ടം ഉണ്ടാക്കിയ വിഷയമായത് കൊണ്ടാണ് എതിര്‍ചേരിയില്‍ നില്‍ക്കുന്നവരായിട്ടും എറണാകുളത്തെ നേതൃത്വത്തിന് എതിരെ നടപടി എടുക്കാതെ പ്രശ്‌നം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതമായത്. നടപടിയിലേക്ക് പോയാല്‍ അത് പ്രശ്‌നം കൂടുതല്‍ വഷളാക്കുമെന്ന് അടുപ്പമുളള നേതാക്കള്‍ കാനത്തെ അറിയിച്ചിട്ടുണ്ട്. ഇപ്പോഴത്തെ നിലപാടില്‍ തന്നെ ഒപ്പമുളളവര്‍ക്ക് പോലും എതിര്‍പ്പുളള സാഹചര്യത്തില്‍ ചെറിയ പരാമര്‍ശങ്ങളില്‍ ഒതുക്കി ആര്‍ക്കും എതിരെ നടപടി എടുക്കാതെ വിഷയം അവസാനിപ്പിക്കാനാണ് ധാരണ. ഇക്കാര്യം സംസ്ഥാന കൗണ്‍സിലില്‍ റിപ്പോര്‍ട്ട് ചെയ്യും. എന്നാല്‍ ചര്‍ച്ച ഒഴിവാക്കാനാണ് സാദ്ധ്യത.

Read more

വൈപ്പിന്‍ സര്‍ക്കാര്‍ കോളജിലെ എസ്.എഫ്.ഐ സംഘര്‍ഷത്തില്‍ ഞാറയ്ക്കല്‍ പൊലിസ് പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് സി.പി.ഐ ജില്ലാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജൂലൈ 23-ന് എറണാകുളം ഡി.ഐ.ജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിന് നേരെ പൊലിസ് ലാത്തിചാര്‍ജ് ഉണ്ടാകുകയും മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാം, ജില്ലാ സെക്രട്ടറി പി.രാജു, അസിസ്റ്റന്റ് സെക്രട്ടറി സുഗതന്‍ എ്ന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതോടെ സംഭവം വന്‍വിവാദമായി. സംഭവത്തെ പരസ്യമായി അപലപിക്കാന്‍ സെക്രട്ടറി കാനം കരാജേന്ദ്രന്‍ തയ്യാറാകാതിരിക്കുക കൂടി ചെയ്തതോടെ വിവാദം സി.പി.ഐയിലേക്കും പടര്‍ന്നു. തുടര്‍ന്നാണ് ലാത്തി ചാര്‍ജിനെ കുറിച്ചും അതിലേക്ക് നയിച്ച സംഭവങ്ങളെ കുറിച്ചും അന്വേഷിക്കാന്‍ കെ.പി രാജേന്ദ്രന്‍ അദ്ധ്യക്ഷനായി വിവരശേഖരണ സമിതി രൂപീകരിച്ചത്. സമിതിയുടെ റിപ്പോര്‍ട്ടാണ് ഇന്നത്തെ എക്‌സിക്യൂട്ടിവ് യോഗം പരിഗണിച്ചത്.