മൂന്നാര്‍ കുണ്ടളയില്‍ ഉരുള്‍പൊട്ടല്‍; ഒരു ക്ഷേത്രവും രണ്ട് കടകളും മണ്ണിനടിയില്‍

ഇടുക്കി മൂന്നാര്‍ കുണ്ടളയില്‍ ഉരുള്‍പൊട്ടല്‍. പുതുക്കുടിയിലെ എസ്റ്റേറ്റിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ഒരു ക്ഷേത്രവും രണ്ട് കടകളും മണ്ണിനടിയിലായി. ആളപായമില്ല. ഒരു ഓട്ടോറിക്ഷയും മണ്ണിനടിയില്‍പ്പെട്ടിട്ടുണ്ട്.

ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പുതുക്കുടിയില്‍ റോഡ് തകര്‍ന്നു. മൂന്നാര്‍ – വട്ടവട റൂട്ടില്‍ ഗതാഗതം പൂര്‍ണമായി നിലച്ചു. പ്രദേശത്ത് എത്തിയ പൊലീസ്, ഫയര്‍ഫോഴ്‌സ് സംഘം 175 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കുണ്ടള സ്‌കൂളിലാണ് ദുരിതാശ്വാസ ക്യാമ്പ തുറന്നിരിക്കുന്നത്.

ഗതാഗതം തടസപ്പെതിനാല്‍ വട്ടവട ഒറ്റപ്പെട്ടിരിക്കുകയാണ്. ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. കനത്തനമഴയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വട്ടവടയില്‍ ഒരേക്കറോളം കൃഷി ഭൂമി നശിക്കുകയും ഇടിഞ്ഞുതാഴുകയും ചെയ്തിരുന്നു.

അതേസമയം ആലപ്പുഴ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെ അവധിയായിരിക്കും. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും. എന്നാല്‍ നേരത്തെ നിശ്ചയിച്ച പിഎസ് സി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.