ലക്ഷദ്വീപ് തീരത്തെ ലഹരിവേട്ട; പ്രതികള്‍ക്ക് പാക്കിസ്ഥാന്‍ ബന്ധം, സ്ഥിരീകരിച്ച് ഡിആര്‍ഐ

കഴിഞ്ഞ ദിവസം കൊച്ചിയില്‍ പുറംങ്കടലില്‍ നിന്നും 1500 കോടിരൂപ വില വരുന്ന ഹെറോയിന്‍ പിടിച്ച സംഭവത്തില്‍ പ്രതികള്‍ക്ക് പാക്കിസ്ഥാന്‍ ബന്ധം സ്ഥിരീകരിച്ച് ഡി.ആര്‍.ഐ. ലക്ഷദ്വീപിലെ അഗത്തിതീരത്തിന് അടുത്ത് നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 20 പേരെടങ്ങുന്ന സംഘമാണ് പിടിയിലായത്.

സുജന്‍, ഫ്രാന്‍സിസ് എന്നി മലയാളികളാണ് പിടിയിലായത്. ഇവര്‍ തിരുവനന്തപുരം സ്വദേശികളാണ്. കേസില്‍ പ്രതികളായ നാല് തമിഴ്‌നാട് സ്വദേശികള്‍ക്ക് പാക്കിസ്ഥാന്‍ ബന്ധമുണ്ടെന്നാണ് ഡിആര്‍ഐ കണ്ടെത്തിയിരിക്കുന്നത്. നാലുപേര്‍ക്കും മയക്കുമരുന്ന് കടത്തില്‍ നേരിട്ട് ബന്ധമുണ്ട്. തമിഴ്‌നാട്ടിലെ ബോട്ടുടമകളെയും ഡിആര്‍ഐ പിടികൂടിയിരുന്നു.

പാക്കിസ്ഥാനിലെ പഞ്ചസാരമില്ലിന്റെ മേല്‍വിലാസത്തിലാണ് ഹെറോയിന്‍ കൊണ്ടുവന്നത്. ഇറാന്‍ ബോട്ടിലാണ് ഹെറോയിന്‍ പുറം കടലില്‍ എത്തിച്ചത്. രണ്ട് മത്സ്യബന്ധന ബോട്ടുകളിലാണ് ഹെറോയിന്‍ കൊണ്ടുവന്നത്. സംഭവത്തില്‍ എന്‍ഐഎ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലഹരിക്കടത്തിന് ഒപ്പം ആയുധക്കടത്ത് ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.