ലേക്ക് പാലസ് റിസോര്‍ട്ടിന് നികുതിയിളവ് നല്‍കാനുള്ള തീരുമാനത്തിന് എതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ആലപ്പുഴ നഗരസഭാ കൗണ്‍സില്‍

ലേക്ക് പാലസ് റിസോര്‍ട്ടിന് നികുതിയിളവ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് നഗരസഭാ കൗണ്‍സില്‍ തീരുമാനം. നഗരസഭ നിശ്ചയിച്ച നികുതിയില്‍ നിന്നും ഇളവ് വരുത്തി സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കിയ ആലപ്പുഴ നഗരസഭാ സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്യണമെന്നും കൗണ്‍സില്‍ യോഗത്തില്‍ യു.ഡി.എഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.

തോമസ് ചാണ്ടിക്ക് സര്‍ക്കാര്‍ നല്‍കിയ നികുതിയിളവ് അംഗീകരിക്കാനാവില്ലെന്നായിരുന്നു യു.ഡി.എഫ് അംഗങ്ങളുടെ നിലപാട്. ഭരണസമിതി തീരുമാനം അംഗീകരിക്കില്ലെന്ന നിലപാടാണ് എല്‍.ഡി.എഫ് അംഗങ്ങള്‍ സ്വീകരിച്ചത്.

ചട്ടലംഘനത്തിന്റെ പേരില്‍ ലേക്ക് പാലസ് റിസോര്‍ട്ടിന് നികുതിയും പിഴയും ഉള്‍പ്പെടുത്തി 1.17 കോടി രൂപയാണ് ആലപ്പുഴ നഗരസഭ ചുമത്തിയത്. ഇതിനെതിരെ തോമസ് ചാണ്ടിയുടെ കമ്പനി സംസ്ഥാന സര്‍ക്കാരിന് അപ്പീല്‍ നല്‍കി. അപ്പീലിന്മേല്‍ സര്‍ക്കാര്‍ നഗരകാര്യ ജോയിന്റ് ഡയറക്ടറോട് അന്വേഷണത്തിന് ഉത്തരവിട്ടു. അദ്ദേഹത്തിന്റെ അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പിഴത്തുക 34 ലക്ഷമായി വെട്ടിക്കുറച്ചത്.

Read more

ഇത് അംഗീകരിക്കാനാവില്ലെന്നും പിഴത്തുക വെട്ടിക്കുറയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നഗരസഭയുടെ അധികാരത്തിലുള്ള കൈകടത്തലാണെന്നും കഴിഞ്ഞമാസം ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ നിലപാടെടുത്തു. സര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പാക്കണമെന്ന് എല്‍.ഡി.എഫ് അംഗങ്ങളും നഗരസഭ സെക്രട്ടറിയും കൗണ്‍സിലില്‍ ആവശ്യപ്പെട്ടെങ്കിലും ഇതിനെ മറികടന്ന് കൗണ്‍സില്‍ തീരുമാനം എടുക്കുകയായിരുന്നു. തുടര്‍ന്ന് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു. ഈ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് തോമസ് ചാണ്ടിക്ക് അനുകൂലമായി സര്‍ക്കാര്‍ വീണ്ടും തീരുമാനമെടുത്തത്.