'പാതിരിമാരെ പോലെ അര്‍ദ്ധരാത്രി മതിലു ചാടിയല്ല, പട്ടാപ്പകലാണ് സിസ്റ്ററെ കാണാന്‍ പോയത്'; വീഡിയോ പ്രചാരണത്തിനെതിരെ മാധ്യമപ്രവര്‍ത്തക ബിന്ദു മില്‍ട്ടണ്‍

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ മാനന്തവാടി അതിരൂപതയുടെ വക്താവായ വികാരി നോബിള്‍ പാറയ്ക്കല്‍ പുറത്തുവിട്ട വീഡിയോയ്ക്കെതിരെ മാധ്യമപ്രവര്‍ത്തക ബിന്ദു മില്‍ട്ടണ്‍ രംഗത്ത്. താനും തന്റെ ഭര്‍ത്താവ് മില്‍ട്ടണ്‍ ഫ്രാന്‍സിസും സുഹൃത്തും ചേര്‍ന്നാണ് സിസ്റ്റര്‍ ലൂസി കളപ്പുരയെ കാണാന്‍ മഠത്തിലെത്തിയതെന്നും എന്നാല്‍ ബിന്ദുവിനെ ഒഴിവാക്കിയാണ് നോബിള്‍ വീഡിയോ പുറത്ത് വിട്ടതെന്നും ബിന്ദു പറഞ്ഞു. ഓണ്‍ലൈന്‍ മാധ്യമമായ അഴിമുഖത്തോടാണ് ബിന്ദു ഇക്കാര്യം പറഞ്ഞത്.

ജൂണ്‍ ഒന്നിന് പകല്‍ സമയത്താണ് തങ്ങള്‍ മഠത്തിലെത്തിയത്. പകലാണെന്ന് വീഡിയോയില്‍ നിന്നും വ്യക്തമാണ്. വാഹനത്തില്‍ നിന്നിറങ്ങുമ്പോള്‍ ഫോണ്‍ വന്നതു കൊണ്ട് മറ്റുള്ളവര്‍ക്കൊപ്പം മഠത്തിലേക്ക് പോകാന്‍ സാധിച്ചില്ല. അരമണിക്കൂര്‍ അഭിമുഖത്തിന് ശേഷം മടങ്ങിയെത്തി. ഇതിനിടയില്‍ ഈ വീഡിയോയില്‍ തന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടോയെന്ന് വ്യക്തമല്ലെന്നും പതിഞ്ഞിട്ടുണ്ടെങ്കില്‍ വീഡിയോയില്‍ കൃത്രിമത്വം കാണിക്കുകയാണ് നോബിള്‍ ചെയ്തതെന്നും ബിന്ദു പറയുന്നു.

്‌വീഡിയോയില്‍ താനുമുണ്ടെന്ന് ചൂണ്ടിക്കാട്ടി നോബിളിന്റെ വീഡിയോയ്ക്ക് താഴെ താന്‍ കമന്റിട്ടിരുന്നു. വീഡിയോയുടെ പൂര്‍ണരൂപം പബ്ലിഷ് ചെയ്യണമെന്നായിരുന്നു തന്റെ ആവശ്യം. എന്നാല്‍ ആ കമന്റ് ഡിലീറ്റ് ചെയ്യുകയോ ഹൈഡ് ചെയ്യുകയോ ആണ് ചെയ്തത്. അതുകൊണ്ട് വീഡിയോയില്‍ താന്‍ ഉള്‍പ്പെട്ട ഭാഗം നോബിള്‍ എഡിറ്റ് ചെയ്ത് മാറ്റിയതായി സംശയമുണ്ടെന്ന് ബിന്ദു വ്യകതമാക്കി.

യെസ് ന്യൂസിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് മില്‍ട്ടണ്‍. ബിന്ദു അവിടത്തെ പ്രത്യേക ലേഖികയായാണ്. സിസ്റ്റര്‍ ലൂസിയെ മഠത്തില്‍ പൂട്ടിയിട്ടിരിക്കുന്നതിനെ കുറിച്ച് നേരില്‍ കണ്ട് സംസാരിക്കാനാണ് മാധ്യമപ്രവര്‍ത്തകര്‍ അവിടെ പോയത്. സിസ്റ്റര്‍ ലൂസിയുടെ അനുഭവക്കുറിപ്പുകളായി ഒരു പുസ്തകം ഇവര്‍ തയ്യാറാക്കുന്നുണ്ട്. അതിന്റെ ഭാഗമായി ബിന്ദു മുമ്പും പലതവണ സിസ്റ്ററുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. സിസ്റ്റര്‍ ലൂസി വീഡിയോ പ്രചാരണത്തില്‍ ഏറെ വിഷമത്തിലാണെന്നും തന്നെ വിളിച്ച് സംസാരിച്ചെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു.

നോബിള്‍ കരുതിയത് ഏതോ പുരുഷന്മാര്‍ എന്നാണ്. ചോദിക്കാനും പറയാനും ആരുമില്ലാത്ത ഒരാളെന്ന് കരുതിയാണ് അയാള്‍ ഇങ്ങനെ ചെയ്തത്. ഇത്തരം കൃത്രിമത്വങ്ങള്‍ എനിക്ക് അനുവദിക്കാനാകില്ല. ഒരു സ്ത്രീയും പുരുഷനും സംസാരിച്ചു കഴിഞ്ഞാല്‍ അതില്‍ ഉടന്‍ മറ്റെന്തെങ്കിലും അര്‍ത്ഥം കണ്ടെത്തുന്നതാണ് ഇത്തരക്കാരുടെ സ്വഭാവം. മാധ്യമപ്രവര്‍ത്തകര്‍ സിസ്റ്റര്‍ ലൂസിയെ കണ്ടാല്‍ എന്താണ് കുഴപ്പം? പലരും അവരെ കാണുന്നുണ്ടല്ലോ? പിന്നെ ഞങ്ങള്‍ക്ക് മാത്രമെന്താണ് പ്രത്യേകതയെന്നും അവര്‍ ചോദിക്കുന്നു. ഏതെങ്കിലും ബുദ്ധിമുട്ടില്‍ അകപ്പെട്ട സ്ത്രീയുടെ അഭിമുഖമെടുക്കാന്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ പോയാല്‍ ആ സ്ത്രീയും മാധ്യമപ്രവര്‍ത്തകനും തമ്മില്‍ അനാശാസ്യ ബന്ധമാണെന്ന് പ്രചരിപ്പിച്ചാല്‍ എങ്ങനെ് സമ്മതിക്കുമെന്നും ബിന്ദു ചോദിക്കുന്നു.

“കാരക്കാമല മഠത്തില്‍ മുന്‍ കന്യാസ്ത്രീയെ പൂട്ടിയിട്ടു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. അതേസമയം മഠത്തിന്റെ പിന്‍വാതിലിലൂടെ സ്ത്രീസന്ന്യസ്തര്‍ വസിക്കുന്ന ഭവനത്തിലേക്ക് അപരിചിതരായ പുരുഷന്മാരെ കയറ്റിക്കൊണ്ടു പോവുകയും ഒരു മണിക്കൂറിന് ശേഷം ഇറക്കി വിടുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ കാണുക. ആരാണ് അതിക്രമം പ്രവര്‍ത്തിക്കുന്നത്?” എന്നാണ് “ഒരു പൂട്ടിയിടല്‍ അപാരത” എന്ന് പേരിട്ടിരിക്കുന്ന വീഡിയോയ്ക്ക് വിശദീകരണം നല്‍കിയിരിക്കുന്നത്. ഉച്ചയ്ക്ക് 12.30-ഓടെ കാര്‍ മഠത്തിന് മുന്നില്‍ വന്ന് നില്‍ക്കുന്നതിന്റെ ദൃശ്യമാണ് ആദ്യം ഉള്ളത്. പിന്നീട് മഠത്തിന്റെ പിന്‍ഭാഗം കാണിക്കുന്നു. അതില്‍ മില്‍ട്ടണ്‍ ഫ്രാന്‍സിസും സുഹൃത്തും സിസ്റ്റര്‍ ലൂസിയ്ക്കൊപ്പം നടന്നുപോകുന്നതിന്റെ ദൃശ്യമാണുള്ളത്. പിന്നീട് അടുക്കള വഴി മഠത്തിന് ഉള്ളിലേക്ക് പ്രവേശിക്കുന്നതും കാണാം. ഒരു മണിക്കൂറിന് ശേഷം സിസ്റ്റര്‍ ലൂസി കൈമാറിയ ഫയലുകളുമായി ഇരുവരും തിരിച്ചിറങ്ങുന്നതാണ് പിന്നീട് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. മൂന്ന് ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത്. അപ്പോള്‍ വീഡിയോയില്‍ ഉപയോഗിക്കാത്ത ദൃശ്യങ്ങളും ഉണ്ടാകേണ്ടതാണ്. അതിനാല്‍ തന്നെ വീഡിയോ എഡിറ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാണ്. കൂടാതെ നോബിള്‍ യൂടൂബില്‍ അപ് ലോഡ് ചെയ്ത വീഡിയോയില്‍ അനുകൂലമായ കമന്റുകള്‍ മാത്രമാണ് കാണാന്‍ സാധിക്കുന്നത്.

ഈ വീഡിയോ ഷെയര്‍ ചെയ്തു കൊണ്ട് ബിന്ദു തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇവര്‍ക്കൊപ്പം താനുമുണ്ടായിരുന്നെന്നും എന്നാല്‍ സിസ്റ്ററെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ദുരുദ്ദേശത്തോടെ തന്നെ ഒഴിവാക്കി വീഡിയോ പ്രചരിപ്പിക്കുകയായിരുന്നെന്ന് വെളിപ്പെടുത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ പട്ടാപ്പകലാണ് സിസ്റ്ററെ കാണാന്‍ പോയത്. അല്ലാതെ പാതിരിമാരുടെ പോലെ അര്‍ദ്ധരാത്രി മതില്‍ ചാടിയല്ല. പിന്നെ സ്ത്രീ പുരുഷ ബന്ധങ്ങളെല്ലാം മോശപ്പെട്ട രീതിയില്‍ മാത്രം കാണുന്നതും ചിത്രീകരിക്കുന്നതും ഒരു മാനസിക വൈകൃതമാണെന്നും ഇവര്‍ തന്റെ പോസ്റ്റില്‍ കമന്റായി പറയുന്നു.

“മാധ്യമ പ്രവര്‍ത്തകരായ ഞാനും ഭര്‍ത്താവും ഞങ്ങളുടെ കൂടെയുള്ള മറ്റൊരു മാധ്യമ പ്രവര്‍ത്തകനും കൂടിയാണ് സിസ്റ്റര്‍ ലൂസിയെ കാണാന്‍ പോയത്. പാതിരി കുപ്പായമിട്ട ഇയാള്‍ സെലക്ടിവ് ആയി വീഡിയോ പുറത്തു വിട്ടിരിക്കുന്നു. ഭാര്യ കൂടെയുണ്ടെന്ന് വന്നാല്‍ ഇയാളുടെ മനോരോഗികളായ ആരാധകരുടെ മനഃസ്സുഖം നഷ്ടപ്പെടുമെന്ന് കരുതിക്കാണും. നാണമില്ലെടോ തനിയ്ക്ക്? എല്ലാ പുരുഷന്മാരും തന്നെ പോലെയാണെന്നു കരുതരുത് മിസ്റ്റര്‍.” എന്നാണ് മറ്റൊരു കമന്റില്‍ ഇവര്‍ ചോദിക്കുന്നത്. “താനെന്താടോ ഫാദര്‍ അത് മാധ്യമ പ്രവര്‍ത്തകനായ എന്റെ ഭര്‍ത്താവും മറ്റൊരു മാധ്യമ പ്രവര്‍ത്തകനുമാണെന്നു എഴുതിയത് ഡിലീറ്റ് ചെയ്തത്? കൂടെ ഞാനുമുണ്ടായിരുന്നു എന്ന സത്യം തന്നെ ഞെട്ടിച്ചോ? ധൈര്യമുണ്ടെങ്കില്‍ തന്റെ ഭീകര വീഡിയോയില്‍ എന്റെ കമന്റ് ഉള്‍പ്പെടുത്തഡോ കള്ള പാതിരി. അല്ലെങ്കില്‍ തന്റെ ഞെട്ടിപ്പിയ്ക്കുന്ന വീഡിയോ പിന്‍വലിയ്ക്കെടോ” എന്നും ഇവര്‍ കമന്റില്‍ ആവശ്യപ്പെടുന്നു.