വെള്ളാന കോര്‍പ്പറേഷനുകള്‍ നിര്‍ത്തുന്നു; ആദ്യഘട്ടത്തില്‍ തൊഴില്‍ വകുപ്പില്‍ അഴിച്ചുപണി, ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

പൊതുഖജനാവിലെ പണം പാഴാക്കി പ്രവര്‍ത്തിക്കുന്ന ബോര്‍ഡുകളുടെയും കോര്‍പ്പറേഷനുകളുടെയും പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സമാന സ്വഭാവമുള്ള ബോര്‍ഡുകളും ലയിപ്പിച്ചു കൊണ്ട് പണച്ചെലവ് കുറയ്ക്കാനാണ് തീരുമാനം.

ആദ്യഘട്ടത്തില്‍ തൊഴില്‍ വകുപ്പിന് കീഴിലുള്ള ക്ഷേമനിധി ബോര്‍ഡുകളെയാണ് ലയിപ്പിക്കുക. വകുപ്പിന് കീഴിലുളള 16 ബോര്‍ഡുകളുടെ എണ്ണം 11 ആയി കുറയും. വകുപ്പ് തല കമ്മിറ്റിയുടെ ശിപാര്‍ശ അനുസരിച്ചാണ് ലയനത്തിന് ഒരുങ്ങുന്നത്.

സമാന സ്വാഭാവമുള്ള ബോര്‍ഡുകള്‍ ലയിപ്പിക്കണമെന്ന നിര്‍ദ്ദേശം വന്നതിനെ തുടര്‍ന്ന് തൊഴില്‍ വകുപ്പ് തൊഴിലാളി സംഘടനകളുമായി പലവട്ടം ചര്‍ച്ച നടത്തി. നിലവിലുളള ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകാത്ത തരത്തിലുള്ള ലയന നിര്‍ദ്ദേശത്തോട് സംഘടനകളും യോജിച്ചു. തുടര്‍ന്ന് ലയന നിര്‍ദ്ദേശം മുഖ്യമന്ത്രിയേയും അറിയിച്ചു. മുഖ്യമന്ത്രിയും പച്ചക്കൊടി വീശിയതോടെ വൈകാതെ ഔദ്യോഗിക പ്രഖ്യാപനം വരും.

വലിയ ക്ഷേമനിധി ബോര്‍ഡുകളില്‍ ഒന്നായ കളള് ചെത്ത് തൊഴിലാളി ബോര്‍ഡും അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡും ലയിപ്പിക്കാനാണ് നിര്‍ദ്ദേശം. ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡും ചെറുകിട തോട്ടം തൊഴിലാളി ബോര്‍ഡും ഈറ്റ തൊഴിലാളി ബോര്‍ഡും ലയിപ്പിച്ച് ഒന്നാക്കും.

കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബോര്‍ഡ്, ആഭരണ തൊഴിലാളി ക്ഷേമനിധി എന്നിവയും ഒന്നാക്കാന്‍ നിര്‍ദ്ദേശമുണ്ട്. കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡും ബീഡി സിഗാര്‍ വര്‍ക്കേഴ്‌സ് ബോര്‍ഡും തമ്മില്‍ ലയിപ്പിക്കണമെന്നാണ് ശിപാര്‍ശ.

കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, തയ്യല്‍ തൊഴിലാള ബോര്‍ഡ്, കേരള അസംഘടിത തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കശുവണ്ടി തൊഴിലാളി ബോര്‍ഡ്, ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, മോട്ടോര്‍ വാഹന തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് എന്നിവ സ്വതന്ത്രമായി നിലനിര്‍ത്താനാണ് ധാരണ.

ക്ഷേമനിധി ബോര്‍ഡുകളിലെ അംഗങ്ങളുടെ എണ്ണമാണ് ലയനത്തിന് മാനദണ്ഡമാക്കിയത്. അംഗങ്ങള്‍ കുറവുള്ള ബോര്‍ഡുകളുടെ സ്വതന്ത്ര പ്രവര്‍ത്തനം നിര്‍ത്തി കൂടുതല്‍ അംഗങ്ങളുള്ള ബോര്‍ഡുകളിലേക്ക് ലയിപ്പിക്കുകയാണ് ചെയ്യുന്നത്. കളള് ചെത്ത് തൊഴിലാളി ക്ഷേമനിധി ബോര്‍ഡും ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡുമാണ് അംഗങ്ങളുടെ എണ്ണത്തില്‍ ഒന്നാമതുള്ളത്.

ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കാന്‍ കുറഞ്ഞത് 1200 അംഗങ്ങളാണ് വേണ്ടത്. ഇപ്പോള്‍ ലയിപ്പിക്കുന്ന ചില ബോര്‍ഡുകളില്‍ അംഗസംഖ്യ ഏതാണ്ട് ഇതിന് അടുത്തേയുള്ളു. അംശാദായവും കുറവാണ്. എന്നാല്‍ വലിയ ബോര്‍ഡുകളുമായി പ്രവര്‍ത്തന ചെലവില്‍ കുറവൊന്നുമില്ല. ചെയര്‍മാന്‍മാരുടെ ശമ്പളം, കാര്‍, യാത്രാ ബത്ത, സഹായികളുടെ ശമ്പളം എന്നിവയാണ് പണം ചോരുന്ന വഴികള്‍. വരുമാനം ഉണ്ടാക്കാതെ പാഴ്‌ചെലവ് ഉണ്ടാക്കുന്നുവെന്ന തിരിച്ചറിവിലാണ് വെള്ളാന കോര്‍പ്പറേഷനുകള്‍ക്ക് താഴിടുന്നത്