ബി.ജെ.പി ഒന്നും വെച്ച് നീട്ടിയിട്ടില്ല; പാര്‍ട്ടി വിടില്ല; ഒടുവില്‍ കെ.വി തോമസ് വഴങ്ങി

ലോകസഭയില്‍ എറണാകുളം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാത്തതിലുള്ള നീരസം തണുത്ത് കെവി തോമസ്. സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്ന കെവി തോമസിനെ അവസാന നിമിഷം മാറ്റി ഹൈബി ഈഡനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് കെവി തോമസ് പൊട്ടിത്തെറിച്ചത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇന്ന് രാവിലെ രമേശ് ചെന്നിത്തല അദ്ദേഹത്തിന്റെ വീട്ടില്‍ അനുനയത്തിന് എത്തിയിരുന്നു.

സീറ്റ് നല്‍കാതെ അവഗണിച്ചതിനെ തുടര്‍ന്ന് അവസരം മുതലാക്കാന്‍ ബിജെപിയും അദ്ദേഹത്തെ പാളയത്തിലെത്തിക്കാന്‍ ചക്രം തിരിച്ചിരുന്നു. എന്നാല്‍, താന്‍ എവിടേക്കും പോകുന്നില്ലെന്നും കോണ്‍ഗ്രസിന്റെ ജയത്തിനായി പ്രവര്‍ത്തിക്കുമെന്നും കെവി തോമസ് നിലപാട് വ്യക്തമാക്കി. തനിക്ക് സീറ്റ് കിട്ടാത്തതിലല്ല. പെരുമാറ്റത്തിലാണ് വിഷമം തോന്നിയത്. പ്രത്യേക സാഹചര്യത്തിലാണ് പ്രതിഷേധം പരസ്യമാക്കേണ്ടി വന്നത്. ബിജെപി ഒന്നും വെച്ച് നീട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം കോണ്‍ഗ്രസിന്റെ കോട്ടയാണ്. പാര്‍ട്ടിയില്‍ തുടരുന്നത് സ്ഥാനമാനങ്ങള്‍ കണ്ടല്ല. തന്റെ പാര്‍ട്ടി കോണ്‍ഗ്രസ് തന്നെയെന്നും പാര്‍ട്ടി വിടില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈബി ഈഡന്‍ ജയിക്കും. മണ്ഡലത്തില്‍ പ്രചരണത്തിനിറങ്ങുകയും ചെയ്യും. തോമസ് കൂട്ടിച്ചേര്‍ത്തു.

ഹൈബി ജയിക്കുകയാണെങ്കില്‍ നിയമസഭയിലേക്ക് വരുന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാമെന്നടക്കമുള്ള ഓഫറുകള്‍ ചെന്നിത്തല കെവി തോമസിന് നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അപ്രതീക്ഷിതമായാണ് കെ വി തോമസിന് പകരമായി ഹൈബി ഈഡനെ എറണാകുളത്തെ സ്ഥാനാർത്ഥിയായി കോൺഗ്രസ് പ്രഖ്യാപിച്ചത്. സീറ്റ് നിഷേധിക്കപ്പെട്ടതിൽ കടുത്ത ദുഃഖമുണ്ടെന്നും എന്ത് തെറ്റിന്‍റെ പേരിലാണ് തന്നെ സ്ഥാനാർത്ഥിത്വത്തിൽ നിന്നും മാറ്റി നിർത്തിയതെന്ന് മനസ്സിലാകുന്നില്ലെന്നും കെ വി തോമസ് പ്രതികരിച്ചിരുന്നു.