കെ. വി തോമസിന്റെ നിലപാട് ഒന്നൊന്നര തമാശ; അച്ചടക്ക നടപടിയുണ്ടാകും: കെ.സി വേണുഗോപാല്‍

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കെ വി തോമസിനെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. വിഷയത്തില്‍ നടപടിയെടുക്കാന്‍ സംസ്ഥാന നേതൃത്വത്തിന് അധികാരമുണ്ട്. കെപിസിസിയുടെ തീരുമാനം എഐസിസി അംഗീകരിക്കും. നടപടി എടുത്ത ശേഷം എഐസിസിയെ അറിയിച്ചാല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎമ്മിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുകയും എന്നാല്‍ കോണ്‍ഗ്രസുകാരനായി തന്നെ തുടരുമെന്നുമുള്ള കെ വി തോമസിന്റെ നിലപാട് ഒന്നൊന്നര തമാശയാണെന്നും അദ്ദേഹം പരിഹസിച്ചു. പാര്‍ട്ടിയില്‍ നിന്ന് ആര് പുറത്തുപോകും എന്നതിനെക്കാള്‍ കൂടുതല്‍ ചിന്തന്‍ ശിബിരത്തിലാണ് കോണ്‍ഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തൃക്കാക്കരയില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും ഇതിനെ ചൊല്ലി തന്നെ പാര്‍ട്ടിയില്‍ പുറത്താക്കാന്‍ കഴിയുമെങ്കില്‍ പുറത്താക്കട്ടെയെന്നും കെ വി തോമസ് പറഞ്ഞു. കണ്ണൂരില്‍ സമ്മേളനത്തില്‍ പങ്കെടുത്തപ്പോള്‍ പുറത്താക്കുമെന്ന് പറഞ്ഞിട്ട് എന്തായി എന്നും അദ്ദേഹം ചോദിച്ചു.

താന്‍ കോണ്‍ഗ്രസുകാരനാണ്. എക്കാലവും കോണ്‍ഗ്രസുകാരനായിരിക്കും. അതിന് വലിയ കാഴ്ചപ്പാടുണ്ട്, ചരിത്രമുണ്ട്. കെ കരുണാകരന്‍ കോണ്‍ഗ്രസ് വിട്ടു പോയില്ലേ? കോണ്‍ഗ്രസിനെതിരായി പ്രചാരണം നടത്തിയില്ലേ. എ.കെ ആന്റണി ഇടതുമുന്നണി ഭരണത്തില്‍ പങ്കാളിയായില്ലേ? ഡല്‍ഹിയില്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കൊപ്പം പരിപാടിയില്‍ പങ്കെടുത്തില്ലേയെന്നും അദ്ദേഹം ചോദിച്ചു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജോ ജോസഫിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങും. മുഖ്യമന്ത്രിക്കൊപ്പം എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്നും കെ വി തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇടത് മുന്നണി പദവിയൊന്നും വാഗ്ദാനം ചെയ്തിട്ടില്ല. തൃക്കാക്കരയില്‍ വികസനത്തിനാണ് പ്രാധാന്യം നല്‍കുന്നത്. വികസനത്തില്‍ കേരളം മുന്നോട്ട് പോകണമെന്നും കെ വി തോമസ്  വ്യക്തമാക്കി