'പാര്‍ട്ടി വിടുമെന്ന് പറഞ്ഞിട്ടില്ല, പരാതിയുമായി കെ.വി തോമസ്'; ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ മേൽനോട്ട സമിതിയോഗം ഇന്ന്

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചര്‍ച്ച ചെയ്യാൻ കോൺഗ്രിസിന്‍റെ നിര്‍ണായക യോഗം തിരുവനന്തപുരത്ത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ രൂപീകരിച്ച മേൽനോട്ട സമിതിയാണ് തിരുവനന്തപുരത്ത് യോഗം ചേര്‍ന്നത്. ഹൈക്കമാന്‍റ് പ്രതിനിധികളുടെ സാന്നിദ്ധ്യത്തിലാണ്  യോഗം.

സീറ്റ് വിഭജനം വേഗത്തിൽ പൂര്‍ത്തിയാക്കണമെന്ന ആവശ്യം ഘടകകക്ഷികൾ കൂടി മുന്നോട്ട് വെച്ച സാഹചര്യത്തിൽ കൂടിയാണ് യോഗം ചേരുന്നത്. ഹൈക്കമാന്‍ഡ് പ്രതിനിധികളായ അശോക് ഗെലോട്ടും ജി പരമേശ്വരയും അടക്കമുള്ളവര്‍ ഇതിനായി തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. ആര് നയിക്കും എന്നതിനപ്പുറം തിരഞ്ഞെടുപ്പ് വിജയമാണ് പ്രധാനമെന്ന് ഹൈക്കമാന്‍ഡ്  പ്രതിനിധികൾ യോഗത്തിന് മുമ്പ് പ്രതികരിക്കുകയും ചെയ്തു.

ജയസാദ്ധ്യത മുൻനിര്‍ത്തിയുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയവും യുവാക്കൾക്കും വനിതകൾക്കും അര്‍ഹമായ പ്രാതിനിധ്യവും നൽകി തിരഞ്ഞെടുപ്പിൽ മുന്നോട്ട് പോകുന്നതിനുള്ള ആദ്യഘട്ട ചര്‍ച്ചയാണ് ഇന്ന് നടക്കുന്നത്. എഐസിസി പ്രതിനിധികളെ ഒറ്റക്ക് കാണുമെന്നായിരുന്നു കെ സുധാകരന്‍റെ പ്രതികരണം. കെ മുരളീധരൻ യോഗത്തിൽ പങ്കെടുക്കുന്നില്ല.

അതിനിടെ, താന്‍ കോണ്‍ഗ്രസ് വിടുമെന്ന് പറഞ്ഞിട്ടില്ലന്ന് കെ വി തോമസ് പറഞ്ഞു. ചില സാമൂഹിക മാധ്യമങ്ങളില്‍ തനിക്ക് എതിരെ പ്രചാരണം വന്നു. പാര്‍ട്ടി വിടുമെന്ന രീതിയിലാണ് പ്രചാരണം വന്നത്. ഇതിനെതിരെ ഹൈക്കമാന്‍ഡില്‍ പരാതി നല്‍കും. സോണിയ പറഞ്ഞാല്‍ തനിക്ക് മറ്റൊന്നും ചിന്തിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളിലൂടെ ദിവസവും അപകീര്‍ത്തിപ്പെടുത്തുന്ന കാര്യങ്ങള്‍ പ്രചരിപ്പിച്ചുവെന്നും കെ.വി. തോമസ് കഴിഞ്ഞ ദിവസം പറഞ്ഞു. കൊച്ചി കോര്‍പ്പറേഷനില്‍ എഴുപത്തിനാല് ഡിവിഷന്‍ ഉണ്ടായിട്ട് ഒരു ഡിവിഷനില്‍ പോലും തന്റെ അഭിപ്രായം മാനിക്കാന്‍ തയ്യാറായില്ല. തന്റെ ജന്മനാട്ടിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍പോലും അകറ്റി നിര്‍ത്തി. ചില കാര്യങ്ങള്‍ തുറന്നു പറയാനുള്ളതു കൊണ്ടായിരുന്നു മാധ്യമങ്ങളെ കാണാന്‍ തീരുമാനിച്ചത്. സോണിയാഗാന്ധി വിളിച്ച സാഹചര്യത്തില്‍ തനിക്ക് കൂടുതലായി ഒന്നും പറയാനില്ല. സോണിയ പറഞ്ഞാല്‍ താന്‍ പിന്നെ മറ്റു കാര്യങ്ങളൊന്നും ചിന്തിക്കില്ലെന്നും കെ.വി. തോമസ് പറഞ്ഞിരുന്നു.