'കേരളത്തിന്റെ പെങ്ങളൂട്ടി രമ്യാ ഹരിദാസിന് ഒപ്പം ഞാനും എന്റെ കുടുംബവും'; വിജയരാഘവനെ ട്രോളി കുഞ്ഞാലിക്കുട്ടി

തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ താനുമായി ബന്ധപ്പെടുത്തി ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവനെ ട്രോളി പി.കെ.കുഞ്ഞാലിക്കുട്ടി. മലപ്പുറത്തും ആലത്തൂരും ഇരുവരും വമ്പിച്ച വിജയമായിരുന്നു കാഴ്ചവെച്ചത്. ഇതിന് പിന്നാലെ രമ്യയ്‌ക്കൊപ്പം താനും കുടുംബവും നില്‍ക്കുന്ന ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചാണ് കുഞ്ഞാലിക്കുട്ടി രമ്യയ്ക്ക് അഭിനന്ദനം അറിയിച്ചത്.

കേരളത്തിന്റെ അഭിമാനം, ആലത്തൂരിന്റെ പാര്‍ലിമെന്റ് പ്രതിനിധി. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും തിളക്കമുള്ള വിജയത്തിന്റെ ഉടമ കേരളത്തിന്റെ പെങ്ങളൂട്ടി രമ്യാ ഹരിദാസിനൊപ്പം ഞാനും എന്റെ കുടുംബവും. അഭിനന്ദനങ്ങള്‍ രമ്യാ ഹരിദാസ്.” ഫെയ്‌സ്ബുക്കിലെ ഈ കുറിപ്പിനൊപ്പമാണ് കുഞ്ഞാലിക്കുട്ടി രമ്യയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചത്.


നേരത്തെ, രമ്യയെയും കുഞ്ഞാലിക്കുട്ടിയെയും ചേര്‍ത്തു എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. രമ്യാ ഹരിദാസ് കുഞ്ഞാലിക്കുട്ടിയെ സന്ദര്‍ശിച്ചതിനെ കുറിച്ചായിരുന്നു വിജയരാഘവന്റെ വിവാദ പരാമര്‍ശം. “സ്ഥാനാര്‍ത്ഥിയായ രമ്യ, കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയി. ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് പറയാനാകില്ല” എന്നായിരുന്നു എ. വിജയരാഘവന്‍ പറഞ്ഞത്. പൊന്നാനിയിലെ എല്‍.ഡി.എഫ് കണ്‍വെന്‍ഷനിലാണ് എം. വിജയരാഘവന്റെ വിവാദ പരാമര്‍ശം.