'നിങ്ങള്‍ നന്നാവൂ എന്നിട്ട് എസ്.എഫ്.ഐയെ ഉപദേശിക്കൂ, കോടിയേരിയുടെ പ്രസ്താവന മുഴുക്കുടിയനായ പിതാവ് മകനോട് മദ്യപാനം നിര്‍ത്താന്‍ ആവശ്യപ്പെടുന്നതുപോലെ'

രാഷ്ട്രീയ എതിരാളികള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കാത്ത സിപിഐഎമ്മിന്റെ ഫാസിസ്റ്റ് നിലപാടാണ് കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

എതിരാളികള്‍ക്കും പ്രവര്‍ത്തനം സ്വാതന്ത്ര്യം അനുവദിക്കണമെന്ന് എസ്എഫ്‌ഐയെ ഉപദേശിക്കുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്വന്തം സംഘടനയില്‍ അത് നടപ്പാക്കുമോയെന്ന് കുമ്മനം ചോദിച്ചു.

സിപിഐഎമ്മിന്റെ ഇതേ ജനിതക സ്വഭാവമാണ് എസ്എഫ്‌ഐക്കും ഉള്ളത്. മുഴുക്കുടിയനായ പിതാവ് മകനോട് മദ്യപാനം നിര്‍ത്താന്‍ ആവശ്യപ്പെടുന്നതു പോലെയേ കോടിയേരിയുടെ ഉപദേശത്തെ കാണാനാകൂയെന്നും കുമ്മനം പറയുന്നു. സിപിഐഎം നേതാക്കന്‍മാരെ അനുകരിക്കുന്ന എസ്എഫ്‌ഐ നന്നാകണമെങ്കില്‍ സിപിഐഎം ആദ്യം ജനാധിപത്യ ശൈലി സ്വീകരിക്കണം.

എന്നാല്‍ സിപിഐഎം നയം മാറാതെ എസ്എഫ്‌ഐക്ക് മാത്രമായി ഒരു മാറ്റമുണ്ടാകുമെന്ന് കരുതുക വയ്യ. അതിനാല്‍ കണ്ണൂര്‍ അടക്കമുള്ള മേഖലകളില്‍ മറ്റുള്ള പ്രസ്ഥാനങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കാന്‍ തയ്യാറായി സിപിഐഎം മാതൃക സൃഷ്ടിക്കണം. അങ്ങനെ ഉണ്ടായാല്‍ കേരള രാഷ്ട്രീയം മികച്ച രീതിയില്‍ മുന്നേറും, നാട്ടില്‍ സമാധാനം പുലരും. കുമ്മനം പറഞ്ഞു