സാമ്പത്തിക തട്ടിപ്പ് കേസ്; കുമ്മനം രാജശേഖരൻ അഞ്ചാം പ്രതി

സാമ്പത്തിക തട്ടിപ്പ് കേസിൽ ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷനും മിസോറാം മുന്‍ ഗവർണറുമായ കുമ്മനം രാജശേഖരൻ അഞ്ചാം പ്രതി.

28.75 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് കുമ്മനത്തെ അഞ്ചാം പ്രതിയാക്കി ആറന്മുള പൊലീസ് കേസെടുത്തത്.

കുമ്മനത്തിന്റെ മുൻ പിഎ പ്രവീണാണ് ഒന്നാംപ്രതി. തട്ടിപ്പിനും വിശ്വാസവഞ്ചനയ്ക്കും ആറന്മുള പൊലീസാണ് കേസെടുത്തിരിക്കുന്നത്. പ്ലാസ്റ്റിക് രഹിത പേപ്പർ കോട്ടൺ മിക്സ് ബാനർ നിർമ്മിക്കുന്ന കമ്പനിയിൽ പങ്കാളിയാക്കാമെന്നു വാഗ്ദാനം ചെയ്തു രൂപ തട്ടിയെടുത്തുവെന്നാണു ആറന്മുള പുത്തേഴത്ത് ഇല്ലം സി.ആർ. ഹരികൃഷ്ണന്റെ പരാതി.

പാലക്കാടുള്ള കമ്പനിയില്‍ പങ്കാളിയാക്കാനാണ് പണം നല്‍കിയതെന്നും വാങ്ങിയത് 2018 മുതല്‍ രണ്ട് വര്‍ഷത്തിനിടെയാണെന്നും പരാതിയിലുണ്ട്.

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണസമിതിയില്‍ കുമ്മനം രാജശേഖരന് കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധി സ്ഥാനം ലഭിച്ച് മണിക്കൂറുകള്‍ക്കകമാണ് സാമ്പത്തിക തട്ടിപ്പ് കേസ് വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്.