ആണുങ്ങളെ കാണികളാക്കില്ല!; ഫത്വയുമായി ഒരു പക്ഷം നാട്ടുകാര്‍; കുടുംബശ്രീ കലോത്സവ പരിപാടി ഉപേക്ഷിച്ചു; വിവാദം

കുടുംബശ്രീ കലോത്സവപരിപാടിയില്‍ ആണുങ്ങള്‍ കാണികളാകുത്തതിനെതിരെ പ്രതിഷേധവുമായി കോഴിക്കോട് ജില്ലയിലെ ഒരു പക്ഷം നാട്ടുകാര്‍. സംഭവം വിവാദമായതോടെ ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്തിലെ ഒന്നാംവാര്‍ഡില്‍ കുടുംബശ്രീ കലോത്സവപരിപാടി മാറ്റി. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ചങ്ങരോത്ത് പഞ്ചായത്തില്‍ എല്ലാ വാര്‍ഡിലും കുടുംബശ്രീ കലോത്സവം സംഘടിപ്പിക്കന്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച ഒന്നാംവാര്‍ഡിലും പത്തൊമ്പതാം വാര്‍ഡിലും കലോത്സവം നടത്താന്‍ തീരുമാനിച്ചു.

എന്നാല്‍, ഒന്നാംവാര്‍ഡില്‍ സംഘാടകസമിതി രൂപവത്കരണ യോഗത്തില്‍ പരിപാടികളുടെ കാണികളായി ജനപ്രതിനിധികള്‍ അടക്കം പുരുഷന്‍മാര്‍ ആരും ഉണ്ടാകരുതെന്ന് ഒരു പക്ഷം അഭിപ്രായം പ്രകടിപ്പിച്ചു. എന്നാല്‍ ഈ രീതിയില്‍ വിഭാഗീയമായി പരിപാടി സംഘടിപ്പിക്കാന്‍ കഴിയില്ലെന്ന് ഉദ്ഘാടകനാകേണ്ടിയിരുന്ന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്് ഉണ്ണി വേങ്ങേരിയും വാര്‍ഡ് മെമ്പര്‍ കെ.എം. അഭിജിത്തും നിലപാട് എടുത്തു.
കുടുംബശ്രീ സി.ഡി.എസ്. ഭാരവാഹികളും ഇങ്ങനെ പരിപാടി നടത്താനാകില്ലെന്ന നിലപാട് സ്വീകരിച്ചു. ഇതോടെ പരിപാടി മാറ്റിവെച്ച് മറ്റൊരുദിവസം സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍, പരിപാടി നടത്താന്‍ പറ്റില്ലെന്ന് പഞ്ചായത്തും വാര്‍ഡ് മെമ്പറും അറിയിച്ചതോടെ എതിര്‍പ്പുമായി വന്നവര്‍ പകരം ആണുങ്ങളെ ഒഴിവാക്കി പെണ്‍പെരുമ എന്നപേരില്‍ പരിപാടി സംഘടിപ്പിക്കുകയായിരുന്നു. മദ്രസ കെട്ടിടത്തിലാണ് ഇവര്‍ പരിപാടി സംഘടിപ്പിച്ചത്. കുടുംബശ്രീകളില്‍ മുസ്ലിം സ്ത്രീകള്‍ നിരവധിയുള്ള മേഖലയാണ് ഇത്. അതിനാലാണ് ചിലര്‍ മതകാരണങ്ങള്‍ പറഞ്ഞ് പരിപാടി തടസപ്പെടുത്തിയത്.

Read more

സാമൂഹികശാക്തീകരണവും സ്ത്രീശാക്തീകരണവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയുടെപേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ആണുങ്ങളെ വിലക്കുന്ന നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്് ഉണ്ണി വേങ്ങേരി അറിയിച്ചു. പകരമായി നടത്തിയ പരിപാടിക്ക് കുടുംബശ്രീയുമായി ഒരു ബന്ധവുമില്ലെന്ന് അവര്‍ പറഞ്ഞു.