'ലൗ ജിഹാദും നാര്‍ക്കോട്ടിക്ക് ജിഹാദും വിഷലിപ്തമായ മനസ്സിലുദിച്ച ജല്‍പനങ്ങൾ'; പാലാ ബിഷപ്പിൻറെ പരാമർശം അപലപനീയമെന്ന് കെ ടി ജലീല്‍

പുരോഹിതന്‍മാരും പണ്ഡിതന്‍മാരും ജനങ്ങളെ മതാടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് അപലപനീയമാണെന്ന് കെ ടി ജലീല്‍ എംഎല്‍എ. ലൗ ജിഹാദും നര്‍ക്കോട്ടിക്ക് ജിഹാദും ഏതോ വിഷലിപ്തമായ മനസ്സിലുതിച്ച ജല്‍പനങ്ങളാണെന്ന് ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. വിശുദ്ധ ഗ്രന്ഥങ്ങളിലെ പരിപാവനമായ സൂക്തങ്ങള്‍ ഉരുവിടുന്ന നാവ് കൊണ്ട് ജനങ്ങള്‍ക്കിടയിലെ സൗഹൃദം തകരുന്ന വാക്കുകള്‍ പറയാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത പാലിക്കണമെന്നും കെ ടി ജലീല്‍ പറഞ്ഞു.

അടുപ്പവും രഞ്ജിപ്പും തകര്‍ക്കാനെളപ്പമാണ്. പക്ഷെ തകര്‍ന്ന സൗഹൃദത്തിന്റെ ഭൂമിക പുനസ്ഥാപിക്കല്‍ അത്ര എളുപ്പമാവില്ല. പൊതുപ്രവര്‍ത്തകരും മതനേതാക്കളും ഒരുപോലെ ശ്രദ്ധിക്കേണ്ട കാര്യമാണിത്. ഇനിയും ഒരു മതധ്രുവീകരണം താങ്ങാനുള്ള ശേഷി നമ്മുടെ നാടിനില്ലെന്നും ജലീൽ പറഞ്ഞു.

കെ ടി ജലീലിന്റെ കുറിപ്പ്:

പുരോഹിതന്‍മാരും പണ്ഡിതന്‍മാരും ജനങ്ങളെ മതാടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് എല്ലാ അര്‍ത്ഥത്തിലും അപലപനീയമാണ്. മത പഠനവും ഭൗതിക വിദ്യാഭ്യാസവും ഒരുപോലെ കിട്ടിയവര്‍ സമൂഹത്തിന് അഭിമാനമാണ്. അവരില്‍ നിന്നൊരിക്കലും നിരുത്തരവാദപരമായ പെരുമാറ്റമോ പ്രസ്താവനയോ ജനങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.

ലൗ ജിഹാദും നാര്‍ക്കോട്ടിക്ക് ജിഹാദും ഏതോ വിഷലിപ്തമായ മനസ്സിലുദിച്ച ജല്‍പനങ്ങളാണ്. അവയെ തള്ളിക്കളയുന്നതിന് പകരം താലോലിക്കുന്നത് മതസ്പര്‍ദ്ദ വളര്‍ത്താനേ ഉപകരിക്കൂ. ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള മതങ്ങളില്‍ വിശ്വസിച്ച് ജീവിക്കാനും സ്‌നേഹിക്കാനും ഇടപഴകാനും അവകാശം നല്‍കുന്ന ഭരണഘടനയാണ് നമ്മളുടേത്. അതുകൊണ്ടാണ് ഒരു ബഹുമത സമൂഹത്തില്‍ എല്ലാറ്റിനും മുകളില്‍ ഭരണഘടനയാണെന്ന് നാം പറയുന്നത്.

വിശുദ്ധ ഗ്രന്ഥങ്ങളിലെ പരിപാവനമായ സൂക്തങ്ങള്‍ ഉരുവിടുന്ന നാവ് കൊണ്ട് ജനങ്ങള്‍ക്കിടയിലെ സൗഹൃദം തകരുന്ന വാക്കുകള്‍ പറയാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത പാലിക്കണമെന്നാണ് എന്റെ അഭ്യര്‍ത്ഥന. അടുപ്പവും രഞ്ജിപ്പും തകര്‍ക്കാനെളപ്പമാണ്. പക്ഷെ തകര്‍ന്ന സൗഹൃദത്തിന്റെ ഭൂമിക പുനസ്ഥാപിക്കല്‍ അത്ര എളുപ്പമാവില്ല. പൊതുപ്രവര്‍ത്തകരും മതനേതാക്കളും ഒരുപോലെ ശ്രദ്ധിക്കേണ്ട കാര്യമാണിത്. ഇനിയും ഒരു മതധ്രുവീകരണം താങ്ങാനുള്ള ശേഷി നമ്മുടെ നാടിനില്ല.