ഖുര്‍ആനില്‍ സ്വര്‍ണം കടത്തിയെന്ന വാദം പൊളിഞ്ഞു; യു.ഡി.എഫും ബി.ജെ.പിയും മാപ്പു പറയണം, രേഖകള്‍ ചൂണ്ടിക്കാട്ടി കെ.ടി ജലീല്‍

ഖുര്‍ആനില്‍ സ്വര്‍ണ്ണം കടത്തിയെന്ന വാദം പൊളിഞ്ഞെന്ന് കെ ടി ജലീല്‍. കള്ളവാദം പൊളിഞ്ഞതിനാല്‍ യുഡിഎഫും ബിജെപിയും മാപ്പു പറയണമെന്നും അദ്ദേഹം പറഞ്ഞു. യിഎഇ കോണ്‍സുലേറ്റ് ഇറക്കുമതി ചെയ്തത് ഖുര്‍ആന്‍ തന്നെയാണ് എന്ന് സ്ഥിരീകരിക്കുന്ന രേഖകള്‍ ചൂണ്ടിക്കാട്ടി ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മാസങ്ങളോളം കേരളത്തെ പിടിച്ച് കുലുക്കിയ ഖുര്‍ആനില്‍ സ്വര്‍ണ്ണം കടത്തി എന്ന കള്ള പ്രചരണത്തിന്റെ നിജസ്ഥിതി പുറത്തു വന്നപ്പോള്‍ മുഖ്യധാരാ ചാനലുകളോ പത്രങ്ങളോ അത് പ്രസിദ്ധീകരിച്ചതായി കണ്ടില്ല. അത് കൊണ്ടാണ് 9 പേജുള്ള കത്തിന്റെ കോപ്പി പൊതു ജനങ്ങളുടെ അറിവിലേക്കായി നല്‍കുന്നത്. സത്യത്തെ എത്ര കുഴിച്ച് മൂടിയാലും ഒരുനാള്‍ ഉഗ്രരൂപം പൂണ്ട് അത് ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

ഖുര്‍ആനില്‍ സ്വര്‍ണ്ണം കടത്തി എന്ന കള്ളവാദം പൊളിഞ്ഞു: UDF ഉം BJP യും മാപ്പ് പറയണം.

UAE കോണ്‍സുലേറ്റ് ഇറക്കുമതി ചെയ്ത 4479 തൂക്കമുള്ള വിശുദ്ധ ഖുര്‍ആന്റെ കോപ്പികള്‍ കസ്റ്റംസ് ഡ്യൂട്ടി അടക്കാതെയാണ് പുറത്ത് സൗജന്യ വിതരണം നടത്തിയതെന്ന് കാണിച്ച് കസ്റ്റംസ്, കോണ്‍സുലേറ്റിന് നോട്ടീസയച്ചു. 10,84,993 രൂപയാണ് ഇതിന്റെ മതിപ്പു വിലയെന്നും നോട്ടീസില്‍ പറയുന്നു.

കോണ്‍സുലേറ്റിലെ ജീവനക്കാര്‍ക്ക് ഉപയോഗിക്കാനുള്ള സാധനങ്ങള്‍ക്കു മാത്രമേ ഡ്യൂട്ടി ഇളവുള്ളൂ. എന്നിരിക്കെ പ്രസ്തുത വ്യവസ്ഥ പാലിക്കാതെ ഇറക്കുമതി ചെയ്ത ഖുര്‍ആന്‍ കോപ്പികള്‍ പുറത്ത് സൗജന്യമായി വിതരണം ചെയ്തതിലേക്ക് 2,63,870 രൂപ UAE കോണ്‍സുലേറ്റ് കസ്റ്റംസ് ഡ്യൂട്ടി അടക്കണമെന്ന് കാണിച്ചാണ് അസിസ്റ്റന്റ് കസ്റ്റംസ് കമ്മീഷണര്‍ ഷോക്കോസ് നോട്ടീസ് അയച്ചിരിക്കുന്നത്.

മാസങ്ങളോളം കേരളത്തെ പിടിച്ച് കുലുക്കിയ ഖുര്‍ആനില്‍ സ്വര്‍ണ്ണം കടത്തി എന്ന കള്ള പ്രചരണത്തിന്റെ നിജസ്ഥിതി പുറത്തു വന്നപ്പോള്‍ മുഖ്യധാരാ ചാനലുകളോ പത്രങ്ങളോ അത് പ്രസിദ്ധീകരിച്ചതായി കണ്ടില്ല. അത് കൊണ്ടാണ് 9 പേജുള്ള കത്തിന്റെ കോപ്പി പൊതു ജനങ്ങളുടെ അറിവിലേക്കായി ഇമേജായി നല്‍കുന്നത്. കസ്റ്റംസ് വകുപ്പ് കേരള സര്‍ക്കാരിന്റെ സ്ഥാപനമല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?
സത്യത്തെ എത്ര കുഴിച്ച് മൂടിയാലും ഒരുനാള്‍ ഉഗ്രരൂപം പൂണ്ട് അത് ഉയിര്‍ത്തെഴുന്നേല്‍ക്കും.