കെ.എസ്.ആര്‍.ടി.സി കേരളത്തില്‍ നിന്നും ബംഗളൂരുവിലേയ്ക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കും

കെഎസ്ആര്‍ടിസി കേരളത്തില്‍ നിന്നും ബംഗളൂരുവിലേയ്ക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. ഇതിനുള്ള ഒരുക്കങ്ങള്‍ മാനേജ്‌മെന്റ് ആരംഭിച്ചതായി റിപ്പോര്‍ട്ട്. നിലവില്‍ സ്വകാര്യ ബസുകള്‍ വാടകയ്ക്ക് എടുത്ത് സര്‍വീസുകള്‍ വ്യാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ കാര്യം ആലോചിക്കുന്നതായി ഗതാഗത സെക്രട്ടറി കെ.ആര്‍ ജ്യോതിലാലിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു.

ആദ്യഘട്ടത്തില്‍ 20 സ്‌കാനിയ, വോള്‍വോ ബസുകള്‍ ആയിരിക്കും ഇത്തരത്തില്‍ വാടകയ്ക്ക് എടുത്ത് സര്‍വീസുകള്‍ നടത്തുക. ഡ്രൈവര്‍ സഹിതം ബസ് വാടകയ്ക്ക് എടുക്കാനാണ് ആലോചിക്കുന്നത്. ഇതിനുള്ള താത്പര്യപത്രം ക്ഷണിക്കാനും തീരുമാനിച്ചിട്ടുണ്ട്. ബസുകള്‍ക്ക് കോണ്‍ട്രാക്റ്റ് കാരിയേജ് പെര്‍മിറ്റാണുള്ളത്. അതിനാല്‍ കണ്ടക്ടറുടെ ആവശ്യമില്ല. എന്നാലും ഒരു സഹായിയുണ്ടാകും.

കോണ്‍ട്രാക്റ്റ് കാരിയേജ് ബസുകള്‍ കെഎസ്ആര്‍ടിസിക്ക് നിരത്തില്‍ ഇറക്കാനായി പ്രത്യേക ലൈസന്‍സ് ആവശ്യമാണ്. ഈ ലൈസന്‍സ് ലഭിച്ചാല്‍ ഉടനെ സര്‍വീസ് ആരംഭിക്കുന്ന തരത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്.