കെ.എസ്.ആര്‍.ടി.സി സിംഗിള്‍ ഡ്യൂട്ടി ഇന്ന് മുതല്‍ പ്രാബല്യത്തില്‍; പണിമുടക്ക് പിന്‍വലിച്ച് ടി.ഡി.എഫ്

കെഎസ്ആര്‍ടിസിയില്‍ ആഴ്ചയില്‍ ആറ് ദിവസം 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി പരിഷ്‌ക്കരണം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ഷെഡ്യൂളുകളുടെ എണ്ണം ഇരട്ടിയാക്കിയാണ് ഡ്യൂട്ടി പരിഷ്‌കരണം നടപ്പിലാക്കുന്നത്. എട്ട് മണിക്കൂറില്‍ കൂടുതല്‍ ചെയ്യുന്ന ജോലിക്ക് അടിസ്ഥാന ശമ്പളത്തിനും ഡിഎയ്ക്കും ആനുപാതികമായ അധിക വേതനം നല്‍കും.

തുടക്കത്തില്‍ പാറശാല ഡിപ്പോയില്‍ മാത്രമാണ് പരീക്ഷണാടിസ്ഥാനത്തില്‍ സിംഗിള്‍ ഡ്യൂട്ടി വരുന്നത്. നേരത്തെ എട്ട് ഡിപ്പോകളില്‍ നടപ്പിലാക്കാനായിരുന്നു ധാരണയെങ്കിലും തയ്യാറാക്കിയ ഷെഡ്യൂളുകളിലെ അപാകതകള്‍ യൂണിയനുകള്‍ ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനം മാറ്റിയത്. അപാകതകളുണ്ടെങ്കില്‍ പരിശോധിച്ച് മാറ്റങ്ങള്‍ വരുത്തി ഒരു മാസത്തിനുള്ളില്‍ മുഴുവന്‍ ഡിപ്പോകളിലും നടപ്പിലാക്കും.

അതേസമയം, ഡ്യൂട്ടി പരിഷ്‌കരണത്തിനെതിരെ കോണ്‍ഗ്രസ് അനുകൂല ടിഡിഎഫ് യൂണിയന്‍ പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് പിന്‍വലിച്ചു. ഇന്ന് മുതല്‍ പണിമുടക്ക് നടത്തുമെന്നായിരുന്നു കോണ്‍ഗ്രസ് അനുകൂല സംഘടന പ്രഖ്യാപിച്ചിരുന്നത്. പുതിയ ഡ്യൂട്ടി പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ചായിരുന്നു സമര പ്രഖ്യാപനം.

Read more

സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റും ഗതാഗത മന്ത്രിയും നിലപാടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പണിമുടക്ക് പ്രഖ്യാപനം പിന്‍വലിച്ചത്.