കെ.എസ്. ആര്‍.ടി.സി ശമ്പള പ്രതിസന്ധി; തൊഴിലാളി സംഘടനകളുമായി ഗതാഗതമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

കെ.എസ്. ആര്‍.ടി.സിയിലെ ശമ്പള പ്രതിസന്ധിയില്‍ കോണ്‍ഗ്രസ് അനുകൂല തൊഴിലാളി സംഘടന ടിഡിഎഫ് അടുത്ത മാസം 20 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തും. സമരത്തിന് അടുത്തയാഴ്ച നോട്ടീസ് നല്‍കും. അതേസമയം തൊഴിലാളി സംഘടനകളുമായി ഗതാഗതമന്ത്രി ഇന്ന് ചര്‍ച്ച നടത്തും.

കഴിഞ്ഞ മൂന്ന് മാസമായി കെഎസ്ആര്‍ടിസിയില്‍ രണ്ട് തവണയായാണ് ശമ്പളം നല്‍കുന്നത്. പ്രതിസന്ധി പരിഹരിക്കണം എന്ന ആവശ്യം ഉന്നയിച്ച് സിഐടിയു അഭിമുഖ്യത്തിലുള്ള തൊഴിലാളി സംഘടന ഈ മാസം 2 മുതല്‍ സെക്രട്ടേറിയേറ്റിനു മുന്നില്‍ സത്യഗ്രഹ സമരം നടത്തുന്നുണ്ട്. ഇതിനു പിന്നാലയാണ് പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫും സത്യഗ്രഹസമരം ആരംഭിച്ചത്.എഐടിയുസിയുടെ യൂണിയനും സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുകയാണ്. സത്യഗ്രഹ സമരത്തെ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന ആരോപണം ഉന്നയിച്ചാണ് ടിഡിഎഫ് അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുുന്നത്.

സംസ്ഥാന സര്‍ക്കാരിനിറെ അധിക സാമ്പത്തിക സഹായം ലഭിച്ചാല്‍ മാത്രമേ പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കുകയുള്ളുവെന്നാണ് ഗതാഗത മന്ത്രിയുടെ നിലപാട്. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഗതാഗത മന്ത്രിയും ധനമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും ധാരണയായില്ല. പ്രതിപക്ഷ തൊഴിലാളി സംഘടനയായ ടിഡിഎഫ് അനിശ്ചിതകാല പണിമുടക്കിന് അടുത്തയാഴ്ച നോട്ടീസ് നല്‍കും.ഈ പശ്ചാത്തലത്തിലാണ് ഗതാഗതമന്ത്രി തൊഴിലാളി സംഘടനകളെ ചര്‍ച്ചക്ക് വിളിച്ചത്.