മകളുടെ മുന്നില്‍ അച്ഛനെ വളഞ്ഞിട്ട് മര്‍ദ്ദിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍; ഇടപെട്ട് മന്ത്രി

തിരുവനന്തപുരം കാട്ടാക്കടയില്‍ കളുടെ മുന്നില്‍ അച്ഛനെ ക്രൂരമായി മര്‍ദ്ദിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍. ആമച്ചല്‍ സ്വദേശി സ്വദേശി പ്രേമനെയാണ് മകള്‍ക്ക് മുന്നിലിട്ട് ജീവനക്കാര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചത്. വിദ്യാര്‍ത്ഥിയായ മകളുടെ യാത്ര സൗജന്യത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണം.

ആമച്ചല്‍ സ്വദേശിയായ പ്രേമന്‍ വിദ്യാര്‍ത്ഥിനിയായ മകളുടെ കണ്‍സെഷന്‍ ടിക്കറ്റ് പുതുക്കാനായിട്ടാണ് കെഎസ്ആര്‍ടിസിയുടെ കാട്ടാക്കടയ ഡിപ്പോയില്‍ എത്തിയത്. കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കിയാല്‍ മാത്രമേ കണ്‍സെഷന്‍ ടിക്കറ്റ് പുതുക്കി നല്‍കൂ എന്ന് ജീവനക്കാര്‍ ഓഫീസില്‍ നിന്നും പ്രേമനോട് പറഞ്ഞു.

ഒരു മാസം മുന്‍പ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കണ്‍സെഷന്‍ ടിക്കറ്റ് വാങ്ങിയതാണെന്നും ഇതു പുതുക്കാന്‍ ഇനി സര്‍ട്ടിഫിക്കറ്റ് വാങ്ങുന്ന പതിവില്ലെന്നും പ്രേമന്‍ പറഞ്ഞു. എന്നാല്‍ അതു നിങ്ങളാണോ തീരുമാനിക്കുക എന്ന് ജീവനക്കാര്‍ തിരികെ ചോദിച്ചതോടെ ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമായി. വെറുതെയല്ല കെഎസ്ആര്‍ടിസി രക്ഷപ്പെടാത്തതെന്ന് പ്രേമന്‍ പറഞ്ഞതോടെ ജീവനക്കാര്‍ പ്രകോപിതരാക്കുകയും കാര്യങ്ങള്‍ കൈയ്യേറ്റത്തിലേക്ക് എത്തുകയുമായിരുന്നു.

സംഭവം വാര്‍ത്തയായതോടെ ഗതാഗതമന്ത്രി ആന്റണി രാജു കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറിനോട് അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഓഫീസിലെത്തി ബഹളം വച്ചയാളെ പൊലീസിന് കൈമാറാന്‍ ശ്രമിക്കുക മാത്രമാണ് ജീവനക്കാര്‍ ചെയ്തത് എന്നാണ് കെഎസ്ആര്‍ടിസി സ്റ്റേഷന്‍ മാസ്റ്ററുടെ വിശദീകരണം.