അടൂരില്‍ കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു; 28 പേര്‍ക്ക് പരിക്ക്

അടൂര്‍ എം.സി റോഡില്‍ അരമനപ്പടിയില്‍ കെ.എസ്.ആര്‍.ടി.സി ബസുകളും ടാങ്കര്‍ ലോറിയും കൂട്ടിമുട്ടി 28 പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. ശനിയാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. ഡീസല്‍ കയറ്റി വന്ന ടാങ്കര്‍ നിയന്ത്രണം വിട്ട് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ പരിക്കേറ്റവരെ അടൂര്‍ ജനറല്‍ ആശുപത്രി, അടൂര്‍ ഹോളിക്രോസ് ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

നെയ്യാറ്റിന്‍കര -കോട്ടയം ഫാസ്റ്റ് പാസഞ്ചര്‍, വെഞ്ഞാറമൂട് ചെങ്ങന്നൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ എന്നിവയാണ് അപകടത്തില്‍പ്പെട്ടത്. കോട്ടയം ഭാഗത്തിനിന്നു വരികയായിരുന്ന ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് ബസുകളില്‍ ഇടിക്കുകയായിരുന്നു. ടാങ്കറില്‍ നിറയെ ഇന്ധനമുണ്ടായിരുന്നുവെങ്കിലും മറിയാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. റോഡിനു സമീപമുള്ള ഓടയിലേക്ക് ലോറി ഇടിച്ചിറങ്ങിയിരുന്നു.