ജനറല്‍ സീറ്റില്‍ ഭിന്നശേഷിക്കാരന്‍ ഒപ്പമിരുന്നു; പരാതി നല്‍കി യുവതി; യുവതിക്കെതിരെ പ്രതികരിച്ച് യാത്രക്കാര്‍

കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്യവേ അടുത്ത സീറ്റില്‍ വന്നിരുന്ന യുവാവിനെതിരെ പരാതി നല്‍കി യുവതി. കുട്ടനാട് ചമ്പക്കുളം വൈശ്യംഭാഗം സ്വദേശി മനുപ്രസാദിന് (33) എതിരെ കായംകുളം സ്റ്റേഷനില്‍ കണ്ടല്ലൂര്‍ സ്വദേശിനിയാണ് പരാതി നല്‍കിയത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.

വലതുകാലിന് വൈകല്യമുള്ളയാളാണ് മനുപ്രസാദ്. ചങ്ങന്‍കുളങ്ങര ഭാഗത്ത് നിന്നും കയറിയ മനുപ്രസാദ്, മൂന്ന് പേര്‍ക്കിരിക്കാവുന്ന ഒഴിഞ്ഞു കിടന്ന ജനറല്‍ സീറ്റില്‍ ഇരുന്നു. ഇതേ സീറ്റില്‍ ഇരിക്കുകയായിരുന്നു യുവതി. ഇതില്‍ കുപിതയായ ഇവര്‍ മനുവിനോട് കയര്‍ത്ത് സംസാരിച്ചു. എന്നാല്‍ മറ്റ് യാത്രക്കാര്‍ യുവാവിനൊപ്പം നിന്നു.

ഭര്‍ത്താവിനെ ഫോണ്‍ വിളിച്ച് പറഞ്ഞതിനെ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് കായംകുളം സ്റ്റാന്‍ഡിലെത്തി ബഹളമുണ്ടാക്കി. എന്നാല്‍ ഇതിനോടകം ബസ്, സ്റ്റാന്‍ഡില്‍ നിന്നും പോയിരുന്നു. തുടര്‍ന്ന് ഇയാള്‍ കായംകുളം പൊലീസില്‍ പരാതി നല്‍കി.

തുടര്‍ന്ന് ഹൈവേ പൊലീസ് ഹരിപ്പാട് സ്റ്റാന്‍ഡില്‍ വെച്ച് ബസ് തടഞ്ഞ് യുവാവിനെ കസ്റ്റഡിയില്‍ എടുത്തു. ഭിന്നശേഷിക്കാരനും നിരപരാധിയുമായ യുവാവിനെ കസ്റ്റഡിയില്‍ എടുത്തതില്‍ ബസിലെ യാത്രക്കാര്‍ പ്രതികരിച്ചു.

രാത്രിയായതിനാല്‍ പോലീസ് ഇരുവരെയും വിട്ടയച്ചു. പൊലീസ് യുവതിയോട് ഇന്നലെ വൈകിട്ട് സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവര്‍ എത്താഞ്ഞതിനെ തുടര്‍ന്ന് മനുവിനെ വിട്ടയക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്തിട്ടില്ലെന്ന് കായംകുളം പൊലീസ് വ്യക്തമാക്കി.