'ഫോനി'യില്‍ ഒന്നര ലക്ഷം വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്ന ഒഡിഷയില്‍ പ്രകാശം പരത്താന്‍ കെ.എസ്.ഇ.ബി സംഘവും

ഫോനി നാശം വിതച്ച ഒഡിഷയിലെ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ കേരള വൈദ്യുതി വകുപ്പ്. ചുഴലിക്കാറ്റില്‍ വൈദ്യുതിലൈനുകള്‍ തകര്‍ന്നതോടെ ഇരുട്ടിലായ മേഖലകളില്‍ ഇത് നേരെയാക്കുന്നതിനാണ് കെ എസ് ഇ ബി കൈത്താങ്ങാകുന്നത്. ഇതിന് വേണ്ടി അയച്ച ആദ്യസംഘം ഒഡിഷയിലെത്തി. 30 പേരുടെ ആദ്യ സംഘമാണ് എത്തിയത്.

200 പേരെയാണ് കെ എസ് ഇ ബി ഈ ദൗത്യത്തിന്റെ ഭാഗമായി ഒഡിഷയിലേക്ക് അയയ്ക്കുന്നത്. സംസ്ഥാനത്ത് ഏകദേശം ഒന്നര ലക്ഷത്തോളം വൈദ്യുത പോസ്റ്റുകള്‍ കാറ്റില്‍ തകര്‍ന്നുവെന്നാണ് കണക്ക്. കാറ്റൊഴിഞ്ഞ് ആഴ്ച കഴിഞ്ഞെങ്കിലും ഇതുവരെ പല സ്ഥലത്തും വൈദ്യുതി പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.

വ്യാഴാഴ്ചയാണ് പാലക്കാട്ടു നിന്നുള്ള സംഘം പുറപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ ഇവര്‍ ഭുവനേശ്വറിലെത്തി. കണ്ണൂരില്‍ നിന്നുള്ള രണ്ടാം സംഘം അടുത്ത ദിവസം എത്തും. തുടര്‍ന്ന് മറ്റ് ജില്ലകളില്‍ നിന്നുള്ള ദൗത്യസംഘവും അവിടെയെത്തും.

കരാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ അടങ്ങുന്നതാണ് കെഎസ്ഇബി സംഘം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശാനുസരണമാണ് 200 അംഗങ്ങളടങ്ങുന്ന കേരളത്തിന്റെ പ്രത്യേക ദൗത്യസേന ഒഡിഷയിലേക്ക് പോകുന്നത്. 10 കോടി രൂപയും ധനസഹായമായി കേരളം നല്‍കുന്നുണ്ട്.