കെ.എസ്.ഇ.ബി പ്രതിസന്ധി: പ്രശ്നപരിഹാരത്തിന് വീണ്ടും സര്‍ക്കാര്‍ ഇടപെടും

കെഎസ്ഇബിയില്‍ ഓഫീസേഴ്സ് അസോസിയേഷനും മാനേജ്മെന്റും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി വീണ്ടും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകും. നേതാക്കളുമായി ഊര്‍ജവകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ ചര്‍ച്ച നടത്തും. ചര്‍ച്ചയ്ക്ക് ശേഷം മുന്നോട്ടുള്ള സമരം ഉള്‍പ്പടെയുള്ള പരിപാടികള്‍ തീരുമാനിക്കാമെന്നാണ് ഓഫീസേഴ്സ് അസോസിയേഷന്റെ തീരുമാനം.

സസ്പെന്‍ഷന്‍ പിന്‍വലിച്ചും, സ്ഥലംമാറ്റിക്കൊണ്ടുമുള്ള ഉത്തരവ് നേതാക്കള്‍ നേരത്തെ കൈപ്പറ്റിയിരുന്നു. ഇതനുസരിച്ച് ജോലിക്ക് ഹാജരാകാനാണ് നേതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്. വൈദ്യുതി ഭവന്‍ വളയല്‍ സമരത്തിന് പിന്നാലെയാണ് നേതാക്കളെ സസ്‌പെന്‍ഡ് ചെയ്തത്. ഈ നടപടി അംഗീകരിക്കാനാവില്ലെന്ന് അറിയിച്ചതോടെയാണ് മന്ത്രിതല ചര്‍ച്ചകള്‍ക്ക് പിന്നാലെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്.

അസോസിയേഷന്‍ പ്രസിഡന്റ് എംജി സുരേഷ് കുമാറിനെ പെരിന്തല്‍മണ്ണയ്ക്ക് സ്ഥലം മാറ്റിയിരിക്കുകയാണ്. ഹരിലാലിനെ പാലക്കാട്ടേയ്ക്കും, ജാസ്മിന്‍ ബാനുവിനെ സീതത്തോടേയ്ക്കും മാറ്റി.

കെഎസ്ഇബിയിലെ പ്രശനങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ സമരവുമായി മുന്നോട്ട് പോകുമെന്ന് ഓഫീസേഴ്സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെ സമരം തീര്‍ക്കാര്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ഹൈക്കോടതി ഉത്തരവ് വരികയായിരുന്നു. രാജേഷ് കുമാര്‍ സിന്‍ഹ തിരിച്ചെത്തിയതിന് ശേഷം ചര്‍ച്ചയ്ക്കുള്ള തിയതി തീരുമാനിക്കും. അടുത്തമാസം നടത്താന്‍ തീരുമാനിച്ചിരുന്ന മേഖലാ ജാഥകള്‍ നീട്ടി വയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

കെഎസ്ഇബി യുടെ പ്രവര്‍ത്തനം തടസ്സപ്പെടുന്ന സ്ഥിതി ഉണ്ടായാല്‍ ബോര്‍ഡിന് എസ്മ ഉപയോഗിക്കാമെന്ന് ഹൈകോടതി അറിയിച്ചിരുന്നെങ്കിലും, അത് സമരത്തെ ബാധിക്കില്ലെന്നാണ് എംജി സുരേഷ് കുമാര്‍ പറഞ്ഞത്.

Read more

അതേസമയം കെഎസ്ഇബി വാഹനം സ്വകാര്യ ആവശ്യത്തിന് അനധികൃതമായി ഉപയോഗിച്ചതിന് സുരേഷ് കുമാറിന് 6.72 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. നോട്ടീസിന് നിയമവിദഗ്ധരുമായി സംസാരിച്ച ശേഷം മറുപടി നല്‍കാനാണ് തീരുമാനം.