'ഡാമുകളെല്ലാം തുറന്നുവിട്ടു, സംസ്ഥാനമെമ്പാടും വൈദ്യുതി മുടങ്ങും'; വ്യാജവാര്‍ത്തകള്‍ കൊണ്ട് പൊറുതിമുട്ടി കെ.എസ്.ഇ.ബി

കേരളം പ്രളയ സമാനമായ സംഭവത്തിലേക്ക് കടക്കുമ്പോള്‍ വ്യാജവാര്‍ത്തകള്‍ കൊണ്ടു കെ.എസ്.ഇ.ബി പൊറുതിമുട്ടി. മഴ ശക്തമായി തുടര്‍ന്നതിന്റെ ഭാഗമായി ഡാമുകള്‍ തുറന്നു വിട്ടെന്നും നാളെ സംസ്ഥാന വ്യാപകമായി വൈദ്യുത മുടങ്ങും എന്നിങ്ങനെയുള്ള വാര്‍ത്തകളാണ് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്. വകുപ്പ് മന്ത്രിയും അധികൃതരും വ്യാജ വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ചെങ്കിലും പ്രചരണം തുടരുകയാണ്.

“Breaking news from KSEB നാളെ കേരളം ഒട്ടാകെ വൈദ്യുതി മുടങ്ങും എന്ന് KSEB അറിയിച്ചിട്ടുണ്ട്. ഫോണ്‍ ചാര്‍ജ് ചെയ്തു വെയ്ക്കുക, ആവശ്യം ഉള്ള മുന്‍ കരുതല്‍ എടുക്കുക, ഇ വിവരം മറ്റുള്ളവരില്‍ എത്തിക്കുക” എന്ന സന്ദേശമാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുന്നത്.

“നാളെ സംസ്ഥാനമെമ്പാടും വൈദ്യുതി മുടങ്ങാനിടയുണ്ട് എന്ന വ്യാജ പ്രചരണത്തില്‍ വീഴരുത്. തെറ്റായ സന്ദേശം പ്രചരിപ്പിക്കരുത്” മന്ത്രി എം.എം മണി ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

ഡാമുകള്‍ തുറന്നുവിട്ടു എന്ന വാര്‍ത്തക്കെതിരെയും കെ.എസ്.ഇ.ബി രംഗത്തു വന്നു. ചില ചെറുകിട ഡാമുകള്‍ മാത്രമാണ് തുറന്നതെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും കെ.എസ്.ഇ.ബിയുടെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജ് വഴി അധികൃതര്‍ അറിയിച്ചു.

“കെ.എസ്.ഇ.ബിയുടെ ഇടുക്കി, പമ്പ, കക്കി, ഷോളയാര്‍, ഇടമലയാര്‍, കുണ്ടള, മാട്ടുപ്പെട്ടി എന്നീ വന്‍കിട ഡാമുകളിലെല്ലാം കൂടി നിലവില്‍ 30% ത്തില്‍ താഴെ വെള്ളമേയുള്ളൂ. (ഇടുക്കിയില്‍ വെറും 30% മാത്രമാണ് ഇന്നത്തെ ജലനിരപ്പ്) ഈ ഡാമുകള്‍ എല്ലാം തുറന്നു വിട്ടു എന്ന നിലയില്‍ വ്യാജ പ്രചാരണം സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെ ട്ടിട്ടുണ്ട്. ചില ചെറുകിട ഡാമുകള്‍ മാത്രമാണ് തുറന്നു വിടേണ്ടി വന്നിട്ടുള്ളത്. മൊത്തത്തില്‍ ഡാമുകള്‍ തുറന്നു വിട്ടു എന്ന രീതിയിലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു” – കെ.എസ്.ഇ.ബി അധികൃതര്‍ കുറിച്ചു.