യു.എ.പി.എ കേസില്‍ അലന്‍ ഷുഹൈബിനെ 15 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു; പൊലീസ് ഭക്ഷണം നല്‍കിയില്ലെന്നും ജയില്‍ വാര്‍ഡന്‍മാര്‍ മാവോയിസ്‌റ്റെന്ന് വിളിച്ചെന്നും പരാതി

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരങ്കാവില്‍ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിനെ നവംബര്‍ 15 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

അലന്‍ ഷുഹൈബിനെ ഉച്ചയോടെയാണ് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയത്. താഹയ്ക്ക് കടുത്തപനി ആയതിനാല്‍ നാളെ കോടതിയില്‍ ഹാജരാക്കാമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. അലനെ പതിനഞ്ചാം തിയതി പതിനൊന്ന് മണിവരെയാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

പൊലീസ് ഭക്ഷണം നല്‍കിയില്ലെന്നും ജയില്‍ വാര്‍ഡന്‍മാര്‍ മാവോയിസ്റ്റ് എന്ന് വിളിച്ചുവെന്നും അലന്‍ കോടതിയില്‍ പരാതിപ്പെട്ടു. രണ്ടാം തിയതി രാത്രി പോലീസ് ഭക്ഷണം നല്‍കിയില്ലെന്നും ജയില്‍ വാര്‍ഡന്‍മാര്‍ മാവോയിസ്റ്റെന്ന് വിളിച്ചെന്നുമുള്ള അലന്റെ പരാതി കോടതി രേഖപ്പെടുത്തി. തനിക്കെതിരെ തെളിവുകളില്ലാത്തതിനാല്‍ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ ഉപയോഗിച്ച് ഭീകരവാദി ആക്കാന്‍ ശ്രമിക്കുകയാണെന്ന് അലന്‍ മാധ്യമങ്ങളോടു പറഞ്ഞു.