കോഴിക്കോട് കെട്ടിട നമ്പര്‍ ക്രമക്കേട് കേസ്; ഉദ്യോഗസ്ഥരടക്കം ആറു പേര്‍ കസ്റ്റഡിയില്‍

കോഴിക്കോട് കെട്ടിട നമ്പര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്ന സംഭവത്തില്‍ ആറു പേര്‍ കസ്റ്റഡിയില്‍. രണ്ട് ഉദ്യോഗസ്ഥര്‍, ഒരു റിട്ടയഡ് ഉദ്യോഗസ്ഥന്‍, രണ്ട് കെട്ടിട ഉടമകള്‍, ഇടനിലക്കാരന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയില്‍ എടുത്തവരെ ചോദ്യം ചെയ്യുകയാണ്. രണ്ട് കെട്ടിടങ്ങള്‍ക്കാണ് അനുമതിയില്ലാതെ നമ്പര്‍ നല്‍കിയത്. 5 ലക്ഷം രൂപ കൈക്കൂലി നല്‍കിയാണ് ക്രമക്കേട് നടത്തിയിരിക്കുന്നത്.

രാമനാട്ടുകരിയിലും ഇതേ രീതിയില്‍ തട്ടിപ്പ് നടന്നിരുന്നു. നഗരസഭാ സെക്രട്ടറിയുടെയും സൂപ്രണ്ടിന്റെയും പാസ്വേര്‍ഡ് ചോര്‍ത്തിയാണ് കെട്ടിടത്തിന് നമ്പര്‍ നല്‍കിയത്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ കഴിഞ്ഞ ആറുമാസത്തിനിടെ 300 ഓളം കെട്ടിടങ്ങള്‍ക്ക് നിയമവിരുദ്ധമായി നമ്പര്‍ നല്‍കിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. നിര്‍മാണാനുമതി നല്‍കുന്ന സോഫ്റ്റ് വെയറിന്റെ പാസ്‌വേഡ് ചോര്‍ത്തിയാണ് കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളത്. ക്രമക്കേടിന് പിന്നില്‍ വലിയ സംഘം പ്രവര്‍ത്തിക്കുന്നതായാണ് സൂചനയാണ് പൊലീസിനുള്ളത്. അന്വേഷണം പുരോഗമിക്കുകയാണ്.