കോഴിക്കോട് സി.പി.എം പ്രവര്‍ത്തകന് ക്രൂരമര്‍ദ്ദനം; പിന്നില്‍ ലീഗ് - എസ്.ഡി.പി.ഐ സംഘമെന്ന് ആരോപണം

കോഴിക്കോട് ബാലുശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകന് ക്രൂരമര്‍ദ്ദനം. കോട്ടൂര്‍ സ്വദേശി ജിഷ്ണുവിനാണ് മര്‍ദ്ദനമേറ്റത്. ബാലുശേരി പാലോളി മുക്കില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. മുപ്പതോളം ആളുകള്‍ അടങ്ങുന്ന ഒരു സംഘമാണ് ആക്രമിച്ചത്.

എസ്ഡിപിഐയുടെ ഫ്‌ളക്‌സ് കീറിയെന്ന് ആരോപിച്ചാണ് ജിഷ്ണുവിനെ മര്‍ദ്ദിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെ ഒരു പിറന്നാള്‍ ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന ജിഷ്ണുവിനെ ഒരു സംഘം തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. മൂന്ന് മണിയോടെ സ്ഥലത്ത് പൊലീസ് എത്തുകയും ഇയാളെ കൈമാറുകയും ചെയ്തു.

ആക്രമണത്തിന് പിന്നില്‍ ലീഗ് – എസ്ഡിപിഐ സംഘമാണെന്നാണ് സിപിഎമ്മിന്റെ ആരോപണം. മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം ജിഷ്ണുവിന്റെ കയ്യില്‍ ഒരു വടിവാള്‍ പിടിപ്പിക്കുകയും പാര്‍ട്ടി നേതാക്കളുടെ പേര് പറയിപ്പിക്കുകയും ചെയ്‌തെന്നും സിപിഎം പറയുന്നു. ഫ്‌ളക്‌സ് ബോര്‍ഡ് കീറിയടക്കം അടുത്തിടെ ഈ പ്രദേശത്ത് നടന്നിട്ടുള്ള എല്ലാ സംഭവങ്ങള്‍ക്ക് പിന്നിലും താനാണെന്ന്് നിര്‍ബന്ധിച്ച് പറയിച്ചതായും ജിഷ്ണു പറഞ്ഞു.

അതേസമയം പരിക്കേറ്റ ജിഷ്ണു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഫ്ളക്സ് കീറിയതിന് ജിഷ്ണുവിനെതിരെ കേസ് എടുത്തിട്ടുണ്ട്. ഇയാളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം മര്‍ദ്ദിച്ചവര്‍ക്കെതിരെയും കേസ് എടുക്കും.