പലതവണ ജീവനു വേണ്ടി വെപ്രാളപ്പെട്ട് ഷാന്‍, മനസ്സലിവ് ഉണ്ടാകാതെ മര്‍ദ്ദനം തുടര്‍ന്ന് പ്രതികള്‍

കോട്ടയത്തു ഗുണ്ടാസംഘത്തിന്റെ ക്രൂരമായ മര്‍ദനത്തിനിടെ പലതവണ ജീവനുവേണ്ടി വെപ്രാളപ്പെട്ടതിനു ശേഷമാണ് ഷാന്‍ മരണത്തിനു കീഴടങ്ങിയതെന്ന് പ്രതികളുടെ വെളിപ്പെടുത്തല്‍. മര്‍ദനത്തിനൊടുവില്‍ ഷാനിനെ ആശുപത്രിയിലാക്കുന്ന കാര്യത്തില്‍ ഗുണ്ടാ സംഘത്തിലെ ആളുകള്‍ തമ്മില്‍ കശപിശയുണ്ടാവുകയും ചെയ്തു.

മരണവെപ്രാളത്തില്‍ ശ്വാസം വലിക്കുന്ന ശബ്ദം പുറത്തു കേട്ടതോടെ ഷാനിനെ ആശുപത്രിയില്‍ കൊണ്ടുപോകാമെന്നു ഗുണ്ടാത്തലവന്‍ ജോമോന്റെ സംഘത്തിലുണ്ടായിരുന്ന കിരണും സുധീഷും പറഞ്ഞു. ജോമോന്‍ ആദ്യം എതിര്‍ത്തെങ്കിലും ഒടുവില്‍ ആശുപത്രിയിലാക്കാന്‍ തീരുമാനിച്ചു.

മാങ്ങാനത്തുനിന്നു കെകെ റോഡുവഴി പോയാല്‍ ‘കിറുക്കന്‍ നക്കുമെന്നും’ (പൊലീസ് പിടിക്കുമെന്ന കോഡ് ഭാഷ) ജില്ലാ ആശുപത്രിയിലെത്തിച്ചാല്‍ ‘ബ്ലോക്കാകുമെന്നും’ (ആശുപത്രിയിലെ പോലീസ് പിടിക്കുമെന്നും) ജോമോന്‍ പറഞ്ഞു. ഒടുവില്‍ കഞ്ഞിക്കുഴിയില്‍നിന്ന് ഇറഞ്ഞാല്‍ വഴി കുറുക്കുവഴി എത്തി സബ് ജയിലിനുസമീപം ഓട്ടോറിക്ഷ നിര്‍ത്തി.

ഇതിനിടെ, ഷാന്‍ മരിച്ചെന്നു പ്രതികള്‍ക്കു ബോധ്യമായി. ഇതോടെ മറ്റു പ്രതികള്‍ അവിടെ ഇറങ്ങി. ജോമോന്‍ മൃതദേഹം ചുമന്നു പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഈ സമയം മറ്റുള്ളവര്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ പൊലീസ് പിടിയിലായ അഞ്ചു പ്രതികളെയും റിമാന്‍ഡ് ചെയ്തു.