ക്രീം ബണ്ണിൽ ക്രീം ഇല്ല; ബേക്കറി ഉടമയുടെ കൈ യുവാക്കൾ തല്ലിയൊടിച്ചു

ക്രീം ബണ്ണിൽ ക്രീം ഇല്ലെന്ന് ആരോപിച്ച് ബേക്കറി ഉടമയ്ക്ക് നേരെ ആക്രമണം. സംഭവത്തിൽ ചായ കുടിക്കാനെത്തിയ വൃദ്ധനടക്കം അഞ്ച് പേർക്ക് പരിക്ക്. അക്രമികൾ ബേക്കറി ഉടമയുടെ കൈ അടിച്ചൊടിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചുയോടെയാണ് സംഭവം. വൈക്കം താലൂക്ക് ആശുപത്രിയ്ക്ക് സമീപത്തെ ചായക്കടയിൽ ആറ് യുവാക്കൾ ചായ കുടിക്കാനെത്തിയതോടെയാണ് അക്രമം അരങ്ങേറിയത്.

യുവാക്കൾ കഴിക്കാൻ വാങ്ങിയ ക്രീം ബണ്ണിൽ ക്രീം ഇല്ലെന്ന് പറഞ്ഞാണ് ഉടമയുമായി വഴക്കുണ്ടായി. തർക്കം മൂത്തതോടെ യുവാക്കൾ കടയുടമയെ മർദ്ദിക്കുകയായിരുന്നു. പിടിച്ചു മാറ്റുന്നതിനിടെ കടയുടമയുടെ ഭാര്യയ്‌ക്കും മക്കൾക്കും മർദ്ദനമേറ്റു. ചൂടില്ലാത്ത ചായ കുടിച്ചതിനായിരുന്നു 95 വയസുകാരനായ വൃദ്ധനെ അക്രമികൾ തല്ലിയത്.

ആക്രമണത്തിൽ പരിക്കേറ്റവരെ സമീപവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ ആറ് പേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അന്വേഷണം ആരംഭിച്ചതായും ആക്രമണം നടത്തിയ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട് . കോട്ടയം മറവൻ തുരുത്ത് സ്വദേശികളായ ആറു പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

അതേസമയം, ബേക്കറി ഉടമയാണ് തങ്ങളെ മർദ്ദിച്ചത് എന്നാരോപിച്ച് ആറംഗസംഘം പൊലീസിന് പരാതി നൽകി. വൈക്കത്തിനു സമീപം പാലാംകടവ് സ്വദേശികളായ യുവാക്കളാണ് പോലീസിനെ സമീപിച്ചത്. സംഭവത്തിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കും. ദൃക്സാക്ഷികളുടെ മൊഴി കൂടി രേഖപ്പെടുത്തി നടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം.