കോതമംഗലം പള്ളി രണ്ടാഴ്ചക്കുള്ളില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറണമെന്ന് ഹൈക്കോടതി

കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളി രണ്ടാഴ്ചക്കുള്ളില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറണമെന്നും പള്ളി കൈമാറിയില്ലെങ്കില്‍ ജില്ലാ കളക്ടര്‍ നേരിട്ട് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. കോതമംഗലം പള്ളി കൈമാറുന്നില്ലെന്ന് കാണിച്ച് ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

2019 ഡിസംബര്‍ മൂന്നാം തിയതിയാണ് കോതമംഗലം പള്ളി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറണമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഉത്തരവ് നടപ്പാകാതെ വന്നതോടെയാണ് ഓര്‍ത്തഡോക്‌സ് സഭ കോടതിയലക്ഷ്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.

കോതമംഗലത്തെ സാഹചര്യം ഏറെ ഗൗരവമുള്ളതാണെന്നും രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് ശ്രമമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആവശ്യത്തിന് പൊലീസ് ഇല്ലാതെ പള്ളി ഏറ്റെടുക്കാനാവില്ല. നിലവില്‍ പൊലീസ് ശബരിമല, സി.എ.എ സമരം എന്നിവയുടെ ഭാഗമായുള്ള ഡ്യൂട്ടിയിലാണ്. അതിനാല്‍, പൊലീസിനെ വിന്യസിക്കാന്‍ തടസമുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഓര്‍ത്തഡോക്‌സ് വിഭാഗം എത്തിയത് പ്രദേശത്ത് സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു. തോമസ് പോള്‍ റമ്പാന്റെ നേതൃത്വത്തില്‍ പള്ളിയില്‍ പ്രവേശിച്ച് പ്രാര്‍ത്ഥന നടത്താന്‍ എത്തിയവരെ യാക്കോബായ വിഭാഗം പ്രവേശന കവാടത്തില്‍ തടയുകയായിരുന്നു.