കോൺ​ഗ്രസ് വിമത സ്ഥാനാർത്ഥിയുടെ വീട്ടിൽ ചാരായം വാറ്റ്; ഭർത്താവ് അറസ്റ്റിൽ

തദ്ദേശ തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ ബാക്കി നിൽക്കവേ സ്ഥാനാർത്ഥിയുടെ വീട്ടിൽ നിന്നും വാറ്റ് ചാരായം പിടിച്ചെടുത്തു. കൂത്താട്ടുകുളത്താണ് സംഭവം.

കൂത്താട്ടുകളം നഗരസഭയിലെ 24 -ാം വാർഡ് സ്വതന്ത്ര സ്ഥാനാർത്ഥി മേരിയുടെ വീട്ടിൽ നിന്നാണ് വാറ്റ് ചാരായം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥിയുടെ ഭർത്താവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു.

കൂത്താട്ടുകുളം ഇടയാർ പീടികപടി ജംഗ്ഷന് സമീപം കരകുഴിപ്പള്ളിയിൽ കെ എ സ്‌കറിയയാണ് അറസ്റ്റിലായത്.‌‌ വീട്ടിനുള്ളിൽ വാറ്റ് നടക്കുന്നെന്ന് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിറവം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എസ്. മധുവിന്റെ നേതൃത്വത്തിൽ റെയിഡ് നടത്തിയത്.

മൂന്നര ലിറ്റര്‍ ചാരായവും, ഒന്നര ലിറ്റര്‍ വിദേശമദ്യവും, അടുത്ത വാറ്റിനായി തയ്യാറാക്കി വെച്ചിരുന്ന 50 ലിറ്റര്‍ വാഷ്, കുക്കര്‍, സ്റ്റൗ അനുബന്ധ ഉപകരണങ്ങള്‍ എന്നിവ റെയ്ഡില്‍ പിടിച്ചെടുത്തിട്ടുണ്ട്.

കോണ്‍ഗ്രസ് അംഗമായിരുന്ന മേരി പാര്‍ട്ടി സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയായിരുന്നു. പാര്‍ട്ടിക്കെതിരെ വിമത സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്ത് എത്തിയതോടെ മേരിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു.