കൂടത്തായി: അന്വേഷണ സംഘം കട്ടപ്പനയില്‍; ജോളിയുടെ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കുന്നു

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കാന്‍ അന്വേഷണസംഘം കട്ടപ്പനയിലെത്തി. ജോളിയുടെ അച്ഛനമ്മമാരെയും സഹോദരങ്ങളെയും അന്വേഷണസംഘം കണ്ട് മൊഴി രേഖപ്പെടുത്തുകയാണിപ്പോള്‍. സിഐ ബിനീഷ് കുമാര്‍, എസ്‌ഐ ജീവന്‍ ജോര്‍ജ്ജ് എന്നിവരടങ്ങിയവരാണ് കട്ടപ്പനയില്‍ എത്തിയിരിക്കുന്നത്. കൂടത്തായി കേസില്‍ വഴിത്തിരിവായി കൊലപാതകങ്ങളില്‍ വിശദമായ അന്വേഷണം വേണമെന്ന് ആദ്യം റിപ്പോര്‍ട്ട് നല്‍കിയത് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ ജീവന്‍ ജോര്‍ജാണ്.

ആദ്യം അന്വേഷണസംഘം ജോളിയുടെ കുടുംബവീട്ടിലാണ് എത്തിയത്. ജോളിയുടെ അച്ഛനമ്മമാരും മൂത്ത സഹോദരിയുമാണ് ഇവിടെയുള്ളത്. ഇവരുടെ മൊഴി എടുത്ത ശേഷം സമീപത്തുള്ള സഹോദരന്‍ നോബിയെ അന്വേഷണ സംഘം കാണും. കട്ടപ്പനയിലെ കുടുംബവീടിന് ഏതാണ്ട് രണ്ട് കിലോമീറ്റര്‍ അകലെയാണ് നോബിയുടെ വീട്. പിന്നീട് തടിയമ്പാട്, മുരിക്കാശ്ശേരി, രാജകുമാരി എന്നിവിടങ്ങളില്‍ ജോളിയുടെ മറ്റ് സഹോദരങ്ങളുണ്ട്. ഇവരുടെ മൊഴിയും രേഖപ്പെടുത്തും.

എന്നാണ് ജോളി അവസാനം കുടുംബവീട്ടിലെത്തിയത്, എന്താണ് അന്ന് ജോളി പറഞ്ഞത് എന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷണ സംഘം ആദ്യം ചോദിച്ചറിയുക. തിരുവോണദിവസമാണ് അവസാനം ജോളി കട്ടപ്പനയില്‍ വന്നത്. അന്നും പണം വാങ്ങിയാണ് ജോളി മടങ്ങിയത്.

കട്ടപ്പനയിലേക്ക് എന്ന് പറഞ്ഞ് ജോളി ഇടയ്ക്കിടെ പോകുമായിരുന്നു. എന്നാല്‍ ഒരു ദിവസം മാത്രം അവിടെ തങ്ങി ജോളി മറ്റ് പലയിടങ്ങളിലും പോകാറുണ്ടെന്ന സൂചനകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. തിരുവോണക്കാലത്ത് കട്ടപ്പനയിലെത്തിയ ജോളി വീട്ടില്‍ തങ്ങിയത് രണ്ട് ദിവസം മാത്രമാണ്. പിന്നീട് ജോളി കോയമ്പത്തൂരിലേക്കാണ് പോയത്.

ജോളിയുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സണെ കാണാനാണ് ജോളി അന്ന് പോയതെന്നും അവിടെ രണ്ട് ദിവസം താമസിച്ചിരുന്നെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്തിനാണ് ജോളി ഇവിടെ താമസിച്ചതെന്നും ജോണ്‍സണിന് ഗൂഢാലോചനയില്‍ പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിച്ച് വരികയാണ്.

കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ജോളിയുടെ കുടുംബത്തിന് എന്തെങ്കിലും സംശയങ്ങളുണ്ടായിരുന്നോ എന്നും അന്വേഷണ സംഘം ചോദിച്ചറിയും. പല തവണ പണം ആവശ്യപ്പെട്ട് ജോളി വിളിക്കാറുണ്ടായിരുന്നെന്നും വലിയ സാമ്പത്തിക ബാധ്യതകളുടെ കാര്യങ്ങള്‍ ജോളി പറയാറുണ്ടെന്നും സഹോദരന്‍ നോബി തന്നെ പറഞ്ഞിരുന്നു.

പൊന്നാമറ്റം വീട്ടില്‍ സ്വത്ത് തര്‍ക്കമുണ്ടായപ്പോള്‍ താനും കുടുംബത്തിലെ മറ്റ് ചിലരും ചേര്‍ന്ന് അവിടെ പോയിരുന്നു. ജോളി വ്യാജ ഒസ്യത്തുണ്ടാക്കിയെന്ന് തനിക്ക് മനസ്സിലായിരുന്നെന്നും, ഈ വിവരമറിഞ്ഞപ്പോള്‍ ജോളിയെ വഴക്കു പറഞ്ഞെന്നും നോബി പറഞ്ഞു. ജോളി പണം ചോദിക്കുമ്പോള്‍ താന്‍ കൊടുക്കാറുണ്ട്. ജോളിയുടെ ധൂര്‍ത്ത് അറിയാവുന്നതിനാല്‍ മക്കളുടെ അക്കൗണ്ടിലേക്കാണ് പണമിടാറ്. ജോളിയ്ക്ക് എത്ര പണം കിട്ടിയാലും മതിയാകാറില്ലെന്നും നോബി പറഞ്ഞിരുന്നു.

എങ്ങനെയാണ് ജോളിയുടെ സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ കുടുംബം ഇടപെട്ടതെന്നും, ജോളിയുടെ സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ എങ്ങനെ കുടുംബാംഗങ്ങള്‍ ഇടപെട്ടെന്നും അന്വേഷണ സംഘം ചോദിച്ചറിയും.

റോയിയുടെ മരണത്തിന് മുമ്പ് ജോളി കട്ടപ്പനയില്‍ റോയിക്കൊപ്പം വന്നിരുന്നു. അന്ന് ഒരു ജ്യോത്സ്യനെ കാണാന്‍ ജോളിയും റോയിയും പോയിരുന്നു. ആ ജ്യോത്സ്യന്‍ പൂജിച്ച തകിട് റോയിയുടെ ദേഹത്ത് മരണസമയത്തുണ്ടായിരുന്നു. കൃഷ്ണകുമാര്‍ എന്ന ജ്യോത്സ്യന്‍ കൊലപാതക വാര്‍ത്ത പുറത്ത് വന്നപ്പോള്‍ ഒളിവില്‍ പോയെങ്കിലും പിന്നീട് പുറത്തുവന്ന് തനിക്ക് ജോളിയെയോ റോയിയെയോ അറിയില്ലെന്നും തകിട് പൂജിച്ച് കൊടുത്തതായി ഓര്‍മയില്ലെന്നും വെളിപ്പെടുത്തിയിരുന്നു. ജോളിക്ക് കട്ടപ്പനയില്‍ വേറെ ബന്ധങ്ങളുണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷണ പരിധിയിലുണ്ടെന്നാണ് വിവരം.