കൂടത്തായി: പ്രതികളെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന അന്വേഷണ സംഘത്തിന്റെ അപേക്ഷ ഇന്ന് കോടതിയില്‍

കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികളായ ജോളി, മാത്യു, പ്രജികുമാര്‍ എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം സമര്‍പ്പിച്ച അപേക്ഷ താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇന്ന് പരിഗണിക്കും. മൂന്ന് പ്രതികളെയും ഇന്ന് രാവിലെ പത്ത് മണിയോടെ കോടതിയില്‍ ഹാജരാക്കും. പ്രതികളെ 11 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്നാണ് അന്വേഷണ സംഘം നല്‍കിയിട്ടുള്ള അപേക്ഷ.

കൊലപാതകം, കൊലപാതക ശ്രമം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി ഒട്ടേറെ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെട്ട കേസ് ആയതിനാല്‍ വിശദമായ ചോദ്യം ചെയ്യലും ആവശ്യമെന്ന് കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. രണ്ടാം പ്രതി മാത്യുവിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. കസ്റ്റഡിയില്‍ കിട്ടുന്ന പക്ഷം, പ്രതികളെ പയ്യോളിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്ത ശേഷമാകും തെളിവെടുപ്പ് നടത്തുക.

അതേസമയം, കൂടത്തായി കൊലപതക പരമ്പരയുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങളാണ് പുറത്തു വരുന്നത്. പൊന്നാമറ്റം കുടുംബത്തിലെ കൂടുതല്‍ അംഗങ്ങളെ കൂടി കൊല്ലാന്‍ ജോളി ശ്രമിച്ചിരുന്നുവെന്ന് പൊലീസില്‍ മറ്റ് കുടുബാംഗങ്ങള്‍ പൊലീസിന് മൊഴി നല്‍കി. അടുത്ത ബന്ധുക്കളില്‍ ഒരാളും ഭാര്യയും മകനും അടക്കമുള്ളവരാണ് പൊലീസിന് പരാതി നല്‍കിയിരിക്കുന്നത്. ജോളി വീട്ടിലെത്തി പോയ ശേഷം കുടുംബത്തിലെ എല്ലാവരും ഛര്‍ദ്ദിച്ചുവെന്നാണ് പൊന്നാമറ്റം തറവാട്ടിലെ മറ്റൊരു കുടുംബം പരാതി നല്‍കിയിരിക്കുന്നത്.

അന്ന് രക്തപരിശോധനയില്‍ വിഷാംശം കണ്ടെത്തിയിരുന്നു. പൊലീസില്‍ അന്ന് പരാതി നല്‍കിയിരുന്നെങ്കിലും ജോളിയെ സംശയിച്ചിരുന്നില്ല. ഇപ്പോള്‍ മറ്റാര്‍ക്കോ വേണ്ടി ജോളി ക്വട്ടേഷന്‍ എടുത്ത് വന്നതാണോ എന്ന് സംശയിക്കുന്നുവെന്നാണ് കുടുംബാംഗങ്ങള്‍ പരാതി നല്‍കിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊന്നാമറ്റത്തെ വീട്ടുജോലിക്കാരെ കൊല്ലാനും ജോളി ശ്രമിച്ചിരുന്നതായി മൊഴികളുണ്ട്.

പ്രതി ജോളി നടത്തയിയ കൂടുതല്‍ വധശ്രമങ്ങളുടെ വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. കുടുംബത്തിനകത്തേയും പുറത്തേയും പരുടേയും പെണ്‍മക്കളെ ജോളി കൊലപ്പെടുത്താന് ശ്രമിച്ചിരുന്നെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പറത്തുവന്നത്. അടുത്ത സുഹൃത്തായ ജയശ്രീയുടെ മകള രണ്ട് തവണ ജോളി വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചതായാണ് അവര്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.

കുഞ്ഞിന് രണ്ട് വയസ്സുള്ള സമയത്താണ് ജോളി വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചത്. ആറ് മാസത്തെ ഇടവേളയില്‍ രണ്ട് തവണയായി ജോളി കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചു. കുഞ്ഞിനെ വിഷബാധയേറ്റ രണ്ട് സന്ദര്‍ഭങ്ങളിലും ജോളിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നുവെന്ന് ജയശ്രീയും പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. സ്വത്തുവകകള്‍ ജോളിയുടെ പേരില്‍ മാറ്റിയെഴുത്തി കൊണ്ടുള്ള വ്യാജ ഒസ്യത്ത് തയ്യാറാക്കിയതില്‍ ജയശ്രീയുടെ ഇടപെടലുണ്ടായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്.