കൊടിസുനി ഭീഷണിപ്പെടുത്തിയ കോഴിശ്ശേരി മജീദിന് സംരക്ഷണം നല്‍കണമെന്ന് ആവശ്യം, എതിര്‍പ്പുമായി എല്‍.ഡി.എഫ്; കൊടുവള്ളി നഗരസഭയില്‍ കൈയാങ്കളി

കൊടുവള്ളി നഗരസഭാ കൗണ്‍സിലില്‍ കൈയാങ്കളി. കൊടിസുനി ഭീഷണിപ്പെടുത്തിയ നഗരസഭാ കൗണ്‍സിലറായ കോഴിശ്ശേരി മജീദിനും കുടുംബത്തിനും സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട അടിയന്തര പ്രമേയവുമായി ബന്ധപ്പെട്ടാണ് കൈയാങ്കളി നടന്നത്. ഇത്തരമൊരു പ്രമേയം അവതരിപ്പിക്കേണ്ട ഒരു ആവശ്യവുമില്ല എന്ന് എല്‍.ഡി.എഫ് അംഗങ്ങള്‍ നിലപാട് എടുത്തതോടെയാണ് ചര്‍ച്ച കൈയാങ്കളിയിലെത്തിയത്.

സ്വര്‍ണവില്‍പനയുടെ പേരില്‍ ലീഗ് നേതാവായ കോഴിശ്ശേരി മജീദിനെ ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി കൊടിസുനി ഭീഷണിപ്പെടുത്തിയിരുന്നു. രേഖകള്‍ ഇല്ലാത്ത സ്വര്‍ണം വില്‍ക്കാന്‍ കൂട്ട് നില്‍ക്കാത്തതിന്റെ പേരിലായിരുന്നു കോഴിശ്ശേരി മജീദിനെ കൊടിസുനി ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. സംഭവം വലിയ വിവാദമാവുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന് സംരക്ഷണം നല്‍കണമെന്ന ആവശ്യം ഉയര്‍ന്നത്. എന്നാല്‍, പ്രമേയം ചര്‍ച്ച ചെയ്യേണ്ട അടിയന്തര സാഹചര്യമില്ലെന്നാണ് എല്‍.ഡി.എഫ് വാദിച്ചത്. തുടര്‍ന്ന് സംഭവവുമായി എല്‍.ഡി.എഫിന് എന്ത് ബന്ധം എന്ന് ഭരണകക്ഷി അംഗങ്ങള്‍ ചോദിച്ചു. അംഗങ്ങള്‍ സീറ്റില്‍ നിന്നെഴുന്നേറ്റ് ഉന്തുംതള്ളും തുടങ്ങിയതോടെ മുതിര്‍ന്ന അംഗങ്ങള്‍ ഇടപെട്ടു.