'ആന ചരിഞ്ഞ സംഭവത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ചില ദുഷ്ട ശക്തികള്‍ ശ്രമിക്കുന്നു'; കോടിയേരി 

പാലക്കാട്  ആന ചരിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് വര്‍ഗീയ ധ്രുവീകരണത്തിന് സാഹചര്യമൊരുക്കാന്‍ പലരും ശ്രമിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശീയ തലത്തില്‍ മതനിരപേക്ഷ സംസ്ഥാനമായ കേരളത്തിന്റെ അടിത്തറ തകര്‍ക്കുക. അമേരിക്കയില്‍ നടക്കുന്നതു പോലുള്ള വംശീയ കലാപം സൃഷ്ടിക്കുക എന്നതാണ് ആര്‍എസ്എസ് ലക്ഷ്യം വെയ്ക്കുന്നതെന്നും കോടിയേരി ആരോപിച്ചു.

“ആന ചരിഞ്ഞ സഭവം കേരളത്തെ ദുഃഖിപ്പിക്കുന്നതാണ്. ഈ വിഷയം കേരളത്തില്‍ വലിയ ചര്‍ച്ചക്കിടയാക്കി. നടക്കാന്‍ പാടില്ലാത്തതാണ് നടന്നത്. സമഗ്രമായ അന്വേഷണം നടക്കേണ്ടതുണ്ട്. എന്നാല്‍ ഈ സന്ദര്‍ഭം ഉപയോഗിച്ചു കൊണ്ട് വര്‍ഗീയ പ്രചാരണത്തിന് കളമൊരുക്കാന്‍ ചില ദുഷ്ട ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ക്കെതിരേ ജാഗ്രത പാലിക്കണം”, കോടിയേരി ആവശ്യപ്പെട്ടു.

“സംഭവം പാലക്കാടാണ് നടന്നത്. പക്ഷെ കേന്ദ്രമന്ത്രിയും പരിസ്ഥിതി മന്ത്രിയും ട്വീറ്റ് ചെയ്തത് മലപ്പുറത്ത് സംഭവം നടന്നു എന്നാണ്. ബോധപൂര്‍വ്വം പ്രത്യേക മതവിശ്വാസത്തെ ലക്ഷ്യം വെച്ചുള്ള പ്രചാരണമായിരുന്നു ഇത്. മേനകാ ഗാന്ധി എപ്പോഴും ഇത്തരം പ്രചാരണത്തില്‍ മുന്നിലാണ്. ഈ പ്രശ്‌നത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് വേണ്ട സാഹചര്യമൊരുക്കാനാണ് പലരും ശ്രമിച്ചത്.

മലപ്പുറം ജില്ലയെ ലക്ഷ്യം വെയ്ക്കുക. അത് പ്രത്യേക മതവിഭാഗത്തിന്റെ കേന്ദ്രമാണെന്ന് പ്രചരിപ്പിക്കുക. അതൊക്കെയാണ് നടന്നു വരുന്നത്. ദേശീയ തലത്തില്‍ മതനിരപേക്ഷമായ സംസ്ഥാനമായ കേരളത്തിന്റെ അടിത്തറ തകര്‍ക്കലും ഇത്തരക്കാരുടെ ലക്ഷ്യമാണ്. വര്‍ഗീയ വിഷം തുപ്പുന്ന പ്രചാരണത്തില്‍ നിന്ന് ഇത്തരക്കാര്‍ പിന്‍മാറണം”

അമേരിക്കയില്‍ നടക്കുന്നതു പോലുള്ള വംശീയ കലാപം സൃഷ്ടിക്കുകയാണ് ആര്‍എസ്എസ് ലക്ഷ്യമെന്നും കോടിയേരി ആരോപിച്ചു.