കൊടകര കുഴൽപ്പണ കേസ്; സുരേന്ദ്രൻ ഉൾപ്പടെ 19 ബിജെപി നേതാക്കൾ സാക്ഷികൾ, 22 പേർ പ്രതികൾ

കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ അന്വേഷണ സംഘം നാളെ കുറ്റപത്രം സമർപ്പിക്കും. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പടെയുള്ള 19 നേതാക്കൾ സാക്ഷികളാണ്.

22 അംഗ ക്രിമിനൽ സംഘത്തിനെതിരെയാണ് കുറ്റപത്രം. ആകെ 200 സാക്ഷികളാണ് കേസിലുള്ളത്. ക്രിമിനൽസംഘം തട്ടിയെടുത്ത മൂന്നരക്കോടി ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ചെലവിലേക്കുള്ള തുകയാണെന്ന് പൊലീസ് തയാറാക്കിയ കുറ്റപത്രത്തിൽ പറയുന്നു.

ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് കൊടകര ദേശീയപാതയിൽ മൂന്നരക്കോടി രൂപ ക്രിമിനൽസംഘം കവർന്നത്. ഒരു കോടി 45 ലക്ഷം രൂപയും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു.

അന്വേഷണത്തിൽ 3.5 കോടി തട്ടിയതായി അന്വേഷണത്തിൽ തെളിഞ്ഞു. ബിസിനസ് ആവശ്യത്തിന് വേണ്ടി കൊണ്ടുവന്ന പണമാണ് എന്നായിരുന്നു പരാതിക്കാരനായ ധർമരാജന്റെ വിശദീകരണം.

എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പണത്തിന് ബിജെപിയുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞു. തുടർന്നാണ് കെ സുരേന്ദ്രൻ അടക്കമുള്ളവരെ ചോദ്യം ചെയ്തത്.

അതേസമയം സുരേന്ദ്രനെ പ്രതിചേർക്കില്ലെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ, കേസ് അട്ടിമറിക്കാൻ സിപിഎം-ബിജെപി ഗൂഢാലോചന നടന്നതായി ആരോപിച്ച് കോൺഗ്രസ് രംഗത്തുവന്നിരുന്നു.