കുഴൽപ്പണ കേസ്; എൻഫോഴ്‌സ്‌മെന്റ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിക്കും

കൊടകര കുഴൽപ്പണ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ലോക് താന്ത്രിക് യുവ ജനതാദൾ നേതാവ് സലിം മടവൂർ ആണ് ഹർജി നൽകിയത്. കള്ളപ്പണത്തിന്റെ സ്രോതസ് കണ്ടെത്താൻ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം അന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഏജൻസിക്ക് പരാതി നൽകി ഒരു മാസം കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് സലിം മടവൂർ കോടതിയെ സമീപിച്ചത്.

കേസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തങ്ങളുടെ നിലപാട് ഇന്ന് അറിയിച്ചേക്കും. ഇ.ഡി അന്വേഷണം നടത്തേണ്ടതില്ലെന്നും പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നുമാണ് ഇ.ഡി ആദ്യഘട്ടത്തിൽ പറഞ്ഞിരുന്നത്.

അതേസമയം കേസിൽ കൂടുതല്‍ പേരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ബി.ജെ.പി മധ്യമേഖലാ സംഘടനാ സെക്രട്ടറി എല്‍. പത്മകുമാറിനെ ഉള്‍പ്പെടെയാണ് ചോദ്യം ചെയ്തത്. ധര്‍മ്മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.