കൊച്ചി വിമാനത്താവള റണ്‍വെ അറ്റകുറ്റപ്പണികള്‍ ബുധനാഴ്ച ആരംഭിക്കും; പകല്‍ സര്‍വീസ് ഉണ്ടാകില്ല

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വെ അറ്റകുറ്റപ്പണികള്‍  ബുധനാഴ്ച തുടങ്ങും. പണി നടക്കുന്നതിനാല്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് അടുത്ത വര്‍ഷം മാര്‍ച്ച് 28 വരെ പകല്‍ സര്‍വീസ് ഉണ്ടാകില്ലെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു.

എല്ലാ ദിവസവും രാവിലെ പത്തിന് വിമാനത്താവള റണ്‍വെ അടയ്ക്കും വൈകീട്ട് ആറിന് തുറക്കും. മിക്ക സര്‍വീസുകളും വൈകീട്ട് ആറ് മുതല്‍ രാവിലെ 10 വരെയുള്ള സമയത്തേയ്ക്ക് പുന:ക്രമീകരിച്ചിട്ടുള്ളതിനാല്‍ അഞ്ച് വിമാന സര്‍വീസുകള്‍ മാത്രമാണ് റദ്ദ് ചെയ്യപ്പെടുകയെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു.

സ്‌പൈസ് ജെറ്റിന്റെ മാലദ്വീപ് സര്‍വീസ് മാത്രമാണ് രാജ്യാന്തര വിഭാഗത്തില്‍ റദ്ദാക്കിയത്. വിവിധ എയര്‍ലൈനുകളുടെ അഹമ്മദാബാദ്, ഡല്‍ഹി, ചെന്നൈ, മൈസൂര്‍ എന്നിവിടങ്ങളിലേയ്ക്കുള്ള ഓരോ സര്‍വീസുകളും റദ്ദാക്കപ്പെട്ടു. അതേസമയം, ഒക്ടോബര്‍ അവസാനവാരം നടപ്പിലാക്കിയ  ശീതകാല സമയപ്പട്ടികയില്‍ നിരവധി സര്‍വീസുകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുമുണ്ട്.

റണ്‍വെ റീ-സര്‍ഫസിംഗ് പ്രവൃത്തിയാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി 24 മണിക്കൂര്‍ പ്രവര്‍ത്തനസമയം ബുധനാഴ്ച മുതല്‍ 16 മണിക്കൂര്‍ ആയി ചുരുങ്ങും. ഈ സാഹചര്യത്തില്‍ രാവിലേയും വൈകിട്ടും കൂടുതല്‍ തിരക്കുണ്ടാകാനുള്ള സാദ്ധ്യത പരിഗണിച്ച് ചെക്ക്-ഇന്‍ സമയം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ആഭ്യന്തര യാത്രക്കാര്‍ക്ക് ഇനി മൂന്നു മണിക്കൂര്‍ മുമ്പു തന്നെ ചെക്ക്-ഇന്‍ നടത്താം. രാജ്യാന്തര യാത്രക്കാര്‍ക്ക് നാല് മണിക്കൂര്‍ മുമ്പും ഈ സൗകര്യം പ്രയോജനപ്പെടുത്താം.

കസ്റ്റംസ്, ഇമിഗ്രേഷന്‍, ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് ഏജന്‍സികള്‍, സി.ഐ.എസ്.എഫ് എന്നീ വിഭാഗങ്ങളുടെ സഹകരണം സിയാല്‍ ഉറപ്പാക്കിയിട്ടുണ്ട്. 100 സുരക്ഷാ ഭടന്‍മാരെ കൂടി സി.ഐ.എസ്.എഫ് അനുവദിച്ചിട്ടുണ്ട്. ഇതോടെ സിയാലിലെ സി.ഐ.എസ്.എഫ് അംഗബലം 950 ആയി ഉയര്‍ന്നു. വരുന്ന ആഴ്ചകളില്‍ 400 പേര്‍ കൂടി എത്തുമെന്നും സി.ഐ.എസ്.എഫ് അറിയിച്ചിട്ടുണ്ട്.