പോലീസുകാരുടെ മക്കളുടെ ലഹരി ഉപയോഗത്തെ കുറിച്ച് പൊതുവേദിയില്‍ തുറന്നടിച്ച കൊച്ചി കമ്മിഷണര്‍ കെ. സേതുരാമന്‍ പിന്തുണയുമായി മുന്‍ ഡിജിപി ജേക്കബ്് പുന്നൂസ്. സേതുരാമന്‍ സാമൂഹ്യപ്രതിബദ്ധതയുള്ളവ്യക്തിയാണ്. ഒട്ടും അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് അദേഹം പറഞ്ഞു. ഇതാണ് സത്യമെങ്കില്‍ ,സ്ഥിതിഗുരുതരം. മറ്റെല്ലാം മാറ്റിവെച്ചു, മയക്കുമരുന്ന് കടത്തുന്നവരെയും വില്‍ക്കുന്നവരെയും പിടികൂടി ജയിലില്‍ ആക്കാന്‍ പോലീസ് മുന്നോട്ടിറങ്ങണം. ഉപയോഗിക്കുന്ന കുട്ടികള്‍ യഥാര്‍ത്ഥത്തില്‍ ഇരകളാണ്. അവര്‍ക്കായി ഡീ അഡിക്ഷന്‍ കേന്ദ്രങ്ങള്‍ ധാരാളമായി ഉണ്ടാകണം. ഇപ്പോള്‍ തടഞ്ഞാല്‍ വിജയിക്കാം. വൈകിയാല്‍ മയക്കുന്നവര്‍ ജയിക്കും. ഇതൊരു വെല്ലുവിളിയായി പോലീസ് ഏറ്റെടുക്കണം. അല്ലെങ്കില്‍ നാട് നശിക്കുമെന്ന് അദേഹം പറഞ്ഞു.
ഇന്നലെയാണ് മയക്കുമരുന്ന് സംബന്ധിച്ച് കൊച്ചി കമ്മിഷണര്‍ വന്‍ വെളിപ്പെടുത്തല്‍ നടത്തിയത്. ഒരു എസ്.പി.യുടെ രണ്ട് മക്കളും ലഹരിക്ക് അടിമകളായെന്നും അദ്ദേഹത്തിന്റെ കുടുംബം തന്നെ പ്രതിസന്ധിയിലായെന്നും കമ്മിഷണര്‍ പറഞ്ഞു. അങ്കമാലിയില്‍ കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെ. സേതുരാമന്‍ ഐ.പി.എസ്.
Read more
നമുക്കറിയാം, തിരുവനന്തപുരത്ത് നമ്മുടെ സ്വന്തം സഹപ്രവര്‍ത്തകന്റെ കുട്ടി പോലും മയക്കുമരുന്നിന് അടിമയായി കൊല്ലപ്പെടുന്ന സാഹചര്യമുണ്ടായി. നമ്മള്‍ ജീവിക്കുന്ന ക്വാര്‍ട്ടേഴ്‌സിനകത്തു തന്നെ ഇങ്ങനെ സംഭവിക്കുന്നത് എന്തുകൊണ്ടെന്ന് കണ്ണുതുറന്ന് പരിശോധിക്കണം. ഇത്തരം നിരവധി കേസുകള്‍ കാണുന്നുണ്ട്. എല്ലാ റാങ്കില്‍ ഉള്‍പ്പെടുന്ന പോലീസുകാരുടെ മക്കളും മയക്കുമരുന്നിന് അടിമകളാകുന്നുണ്ട്. ഒരു എസ്.പി.യുടെ രണ്ട് ആണ്‍കുട്ടികളും മയക്കുമരുന്നിന് അടിമയായി. അത് സഹിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ആ കുടുംബം തന്നെ പ്രശ്‌നത്തിലായി. ഇത് വളരെ ഗൗരവത്തില്‍ എടുക്കേണ്ടതുണ്ടെന്ന് കെ. സേതുരാമന്‍ ഐ.പി.എസ് പറഞ്ഞിരുന്നു.