കെ.എം.എം.എല്ലിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കും: പൊതുമേഖലാ സ്ഥാപനത്തെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍

കേരള മിനറല്‍സ് ആന്റ് മെറ്റല്‍സിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വിശദമായി അന്വേഷിക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.ഡി.സി) എം.ഡി എം.ജി രാജമാണിക്യത്തെ അന്വേഷണ ഉദ്യോഗസ്ഥനായി നിയോഗിച്ചു. അതിവേഗം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശമുണ്ട്. ഏറ്റവും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനത്തെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും തെറ്റായ പ്രവണതകള്‍ക്കു ഉത്തരവാദികളായവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഇ.പി ജയരാജന്‍ വ്യക്തമാക്കി.

കെ.എം.എം.എല്ലില്‍ ബെനിഫിഷ്യേറ്റഡ് ഇല്‍മനൈറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതി ആരോപണമാണ് പ്രധാനമായും മാധ്യമങ്ങളില്‍ വന്നത്. ഇതിനൊപ്പം കമ്പനിയിലെ ഫയലുകളിലെയും കമ്പ്യുട്ടറുകളിലെയും വിവിരം ചോര്‍ന്നതായുള്ള ആരോപണം, വ്യവസായ വകുപ്പിന്റെ അനുമതിയില്ലാതെ കമ്പനി ഗസ്റ്റ്ഹൗസില്‍ മരാമത്ത് പണികള്‍ നടത്തിയത്, ആസിഡ് റീജനറേഷന്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചതും അതിലൂടെ സ്ഥാപനത്തിനുണ്ടായ സാമ്പത്തികനഷ്ടവുമെല്ലാം അന്വേഷിക്കും.

വ്യവസായ വകുപ്പിനു കീഴിലുള്ള ഏറ്റവും മികച്ച പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എല്ലിനെ തകര്‍ക്കാന്‍ വലിയ ഗൂഢാലോചന തന്നെ നടക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഛിദ്രശക്തികളും നിക്ഷിപ്ത താല്‍പ്പര്യക്കാരായ ചില മാധ്യമപ്രവര്‍ത്തകരുമാണ് ഇതിനു പിന്നില്‍. സ്ഥാപനത്തിനകത്ത് ചില തെറ്റായ നടപടികള്‍ ഉണ്ടായപ്പോള്‍ ശക്തമായ തിരുത്തല്‍ നടപടികള്‍ വ്യവസായ വകുപ്പ് സ്വീകരിച്ചിരുന്നു. ഇതില്‍ അസ്വസ്ഥതയുള്ള ചിലരും ആരോപണങ്ങള്‍ക്കു പിന്നിലുണ്ട്.

കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് നാമമാത്രമായ ലാഭത്തിലായിരുന്ന സ്ഥാപനം കഴിഞ്ഞ രണ്ടു സാമ്പത്തികവര്‍ഷവും വന്‍ ലാഭത്തിലായിരുന്നു. 2015-16 ല്‍ 3.24 കോടി മാത്രമായിരുന്നു ലാഭം. എന്നാല്‍, 2017-18 ല്‍ കമ്പനി ചരിത്രത്തിലെ ഏറ്റവും വലിയ ലാഭമുണ്ടാക്കി. 181.11 കോടിയായിരുന്നു ലാഭം. 2018-19 ല്‍ പ്രളയത്തിന്റെ സാഹചര്യത്തിലും 163.29 കോടി ലാഭമുണ്ടാക്കി. ചരിത്രത്തിലെ ഏറ്റവും മികച്ച ഉല്‍പ്പാദനക്ഷമത കൈവരിക്കാനും സാധിച്ചു.

പുതിയ ഉല്‍പ്പന്നങ്ങളും നവീകരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് കമ്പനിക്കെതിരെ ഗൂഢശക്തികള്‍ രംഗത്തുവന്നത്. 48 കോടി ചെലവഴിച്ചുള്ള ഓക്സിഡേഷന്‍ പ്ലാന്റും എല്‍പിജിയ്ക്കു പകരം എല്‍എന്‍ജി ഇന്ധനമായി ഉപയോഗിക്കുന്നതിനുള്ള 10 കോടിയുടെ പദ്ധതിയും പുരോഗമിക്കുകയാണ്. കെ എം എം എല്ലിനെയും മുഴുവന്‍ തൊഴിലാളികളെയും സംരക്ഷിക്കുന്ന ശക്തമായ നടപടികളുമായി ഗവണ്‍മെന്റ് മുന്നോട്ടു പോകുമെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു