കെ.എം ഷാജി അനധികൃതമായി നിർമ്മിച്ച ആഢംബര വീട് പൊളിച്ച് മാറ്റണം; കോർപ്പറേഷൻ നോട്ടീസ് നൽകി

പ്ലസ‌്ടു കോഴ അഴിമതിയുമായി ബന്ധപ്പെട്ട എൻഫോഴ‌്സ‌്മെന്റ‌് ഡയറക്ടറേറ്റ‌് അന്വേഷണത്തിന‌് പിന്നാലെ ആഢംബരവീട‌് നിർമ്മാണത്തിലും മുസ്ലിം ലീഗ് എംഎല്‍എ കെ എം ഷാജി കുരുക്കിലേക്ക‌്.

കെഎം ഷാജി അനധികൃതമായി നിര്‍മ്മിച്ച ആഢംബര വീട് പൊളിച്ചു നീക്കാന്‍ കോ‍ഴിക്കോട് കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കി. അനധികൃതമായാണ് വീട് നിര്‍മിച്ചതെന്ന് കോര്‍പറേഷന്‍ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.

പ്ലസ്ടു കോഴ വിവാദത്തെ തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിർദ്ദേശ പ്രകാരം ഇന്നലെ കെ.എം ഷാജി എംഎൽഎയുടെ കോഴിക്കോട്ടെ വീടും സ്ഥലവും കോർപ്പറേഷൻ ഉദ്യോഗസ്ഥർ അളന്നിരുന്നു.

കോര്‍പ്പറേഷനെ കബളിപ്പിച്ച് 5260 സ്ക്വയര്‍ഫീറ്റ് വീടാണ് കെഎം ഷാജി നിര്‍മ്മിച്ചത്. മൂന്നരക്കോടിയിലധികം വില വരുന്നതാണ് നിര്‍മ്മാണമെന്ന് കൈരളി ന്യൂസ് റിപ്പോർട്ട് ചെയ്തു.

2016-ല്‍ കെഎം ഷാജി നല്‍കിയ സത്യവാങ്മൂലത്തില്‍ 50 ലക്ഷത്തില്‍ താ‍ഴെ മാത്രമാണ് വരുമാനം കാട്ടിയത്. ഇതോടെ കെ.എം ഷാജി എം.എൽ.എ സത്യവാങ്മൂല ലംഘനം നടത്തിയെന്നും സംശയമുയർന്നു.