നഷ്ടപ്പെട്ട സീറ്റുകളേക്കാൾ ലീ​ഗ് ഗൗരവമായി കാണേണ്ടത് നഷ്ടപ്പെട്ട വോട്ടുകളെ കുറിച്ച്; നേതൃത്വത്തിന് എതിരെ കെ.എം ഷാജി

നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് നേരിട്ട വലിയ പരാജയത്തിന് പിന്നാലെ മുസ്ലീം ലീ​ഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ.എം ഷാജി.

തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് നഷ്ടപ്പെട്ട സീറ്റുകളെക്കാൾ ​ഗൗരമായി കാണേണ്ടത് നഷ്ടപ്പെട്ടു പോയ വോട്ടുകളെ കുറിച്ചാണെന്ന് കെ.എം ഷാജി തുറന്നടിച്ചു.

ഇത്ര സീറ്റുകൾ കിട്ടിയില്ലെ എന്ന് ആശ്വസിക്കുകയല്ല വേണ്ടതെന്നും വോട്ടു കുറഞ്ഞതിനെ പറ്റിയുള്ള ആശങ്കയാണ് പാർട്ടി ​ഗൗരവമായി ചർച്ചയിൽ കൊണ്ടുവരേണ്ടതെന്നും ഷാജി പറഞ്ഞു.

പ്രവർത്തകരുടെ വികാരവും പാർട്ടി ചർച്ചകളും തീരുമാനങ്ങളിൽ പ്രതിഫലിക്കുന്നില്ലെന്നും ഷാജി കുറ്റപ്പെടുത്തി. മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിലാണ് മുസ്ലീം ലീ​ഗ് നേതൃത്വത്തിനെതിരെ കെ.എം ഷാജി വിമർശനം ഉന്നയിച്ചത്.

ജയിക്കുന്ന സ്ഥലങ്ങളിൽ മാത്രം ലീ​ഗ് പോരെന്നും ഒരു കാലത്തും ജയിക്കില്ലെന്ന് നൂറ് ശതമാനം ഉറപ്പുള്ള മണ്ഡലങ്ങളും പാർട്ടി വേണം. അവിടുത്തെ അണികളെ അഡ്രസ് ചെയ്യാൻ പാർട്ടിക്ക് കഴിയണം.

പാർട്ടിയുടെ പല ഘടകങ്ങളും ജനകീയമല്ലെന്നും ചിലരെ തകർക്കാൻ രാഷ്ട്രീയാതീത സൗഹൃദങ്ങൾ രൂപപ്പെട്ടിട്ടുണ്ടെന്നും ഷാജി ആരോപിച്ചു.