ദമ്പതികള്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം; കര്‍ശന നടപടിയെടുക്കുമെന്ന് കെ. കെ ശൈലജ

വയനാട്ടിലെ അമ്പലവയലില്‍ തമിഴ് ദമ്പതികള്‍ക്ക് ക്രൂര മര്‍ദ്ദനം ഏല്‍ക്കാനിടയായ സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യ മന്ത്രി കെ. കെ ശൈലജ. സംഭവം അത്യന്തം വേദനാജനകമാണെന്നും ഇതുപോലുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ സാമൂഹിക മനഃസാക്ഷി ഉണരേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

ഉത്തരേന്ത്യയില്‍ കാണുന്നതു പോലെയുള്ള ആള്‍ക്കൂട്ട ആക്രമണം, സ്ത്രീകള്‍ക്ക് നേരെ നടക്കുന്നത് സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്ത് ഇത്രയേറെ പുരോഗതി നേടിയ കേരളത്തിന് ഒട്ടും ഭൂഷണമല്ലെന്ന് കെ. കെ ശൈലജ പ്രതികരിച്ചു. ഇത്തരം സംഭവങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ദമ്പതികള്‍ക്ക് വനിതാ ശിശുവികസന വകുപ്പിന്റെ എല്ലാ പിന്തുണയും അറിയിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

ഇന്നലെ അമ്പലവയലില്‍ വെച്ചാണ് തമിഴ് ദമ്പതികളെ സജീവാനന്ദന്‍ എന്നയാള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഭര്‍ത്താവിനെ മര്‍ദ്ദിച്ചതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് സജീവാനന്ദന്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും യുവതിക്കു നേരെ അസഭ്യവര്‍ഷം നടത്തുകയുമായിരുന്നു. സംസാരിക്കുന്നതിനിടെ “നിനക്കും വേണോ” എന്ന് ചോദിച്ച് സജീവാനന്ദന്‍ യുവതിയുടെ മുഖത്തടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

ദമ്പതികള്‍ക്കെതിരെ നടന്ന ആക്രമണം കണ്ട് നിന്നവരാണ് മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഓട്ടോ ഡ്രൈവറാണ് കേസിലെ പ്രതിയായ സജീവാനന്ദനെന്നാണ് കരുതുന്നത്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. സംഭവം നടന്ന സ്ഥലത്ത്, ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സജീവാനന്ദനെതിരെ കേസെടുക്കാതെ പൊലീസ് ആദ്യം ഒത്തുകളിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.