മലപ്പുറത്തെ വെസ്റ്റ് നൈല്‍ പനി: ആശങ്ക വേണ്ടെന്ന് മന്ത്രി കെ.കെ.ശൈലജ; 'സാഹചര്യങ്ങള്‍ നിയന്ത്രണവിധേയം'

മലപ്പുറത്ത് ഉണ്ടായ വെസ്റ്റ് നൈല്‍ പനിയില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. രോഗം ബാധിച്ച് ചികിത്സയിലിരുന്ന ആറു വയസുകാരന്‍ മരണപ്പെട്ട സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രിയുടെ പ്രതികരണം. വൈറസ് ബാധ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നതല്ല. രോഗം പ്രതിരോധിക്കാനുള്ള എല്ലാ മുന്‍കരുതല്‍ നടപടികളും ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ പൊതുജനങ്ങളും തയ്യാറാകണമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ സാഹചര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്ന് മലപ്പുറം ഡിഎംഓ ഡോ.സക്കീനയും വ്യക്തമാക്കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇവര്‍ അറിയിച്ചു. മലപ്പുറം ജില്ലാകളക്ടര്‍ അമിത് മീണയും സാഹചര്യം വിശദീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചപ്പോള്‍ തന്നെ ആരോഗ്യ വകുപ്പ് ഇടപെട്ട് പ്രതിരോധ നടപടികള്‍ സ്വീകരിച്ചു എന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ഭീതിപ്പെടേണ്ട ഒരു സാഹചര്യമല്ല. എല്ലാം നിയന്ത്രണവിധേയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നു രാവിലെയാണ് മലപ്പുറം വേങ്ങര എ.ആര്‍ നഗറില്‍ വെസ്റ്റ് നൈല്‍ ഫിവര്‍ ബാധിച്ച കുഞ്ഞ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദഗ്ധ ചികിത്സയിലായിരിക്കുന്ന ആറു വയസുള്ള മുഹമ്മദ് ഷാനാണ് മരണത്തിന് കീഴടങ്ങിയത്.
സാധാരണയായി വെസ്റ്റ് നൈല്‍ വൈറസ് ബാധ അധികം അപകടകാരിയല്ല. വൈറസ് ബാധയേറ്റ് 80 ശതമാനം പേരെയും പൂര്‍ണമായും ചികിത്സിച്ചു. കൊതുക് കടിയിലൂടെയാണ് വെസ്റ്റ് നൈല്‍ വൈറസ് മനുഷ്യരിലേക്ക് പടരുന്നത് എന്നത് കൊണ്ടുതന്നെ കൊതുക് പ്രതിരോധമാണ് ഈ രോഗത്തിനെതിരെ സ്വീകരിക്കാവുന്ന ഏറ്റവും ഫലപ്രദമായ മുന്‍കരുതല്‍. കൊതുക്, പക്ഷികള്‍ എന്നിവ കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ രോഗം വളരെ പെട്ടെന്ന് വ്യാപിക്കാന്‍ സാദ്ധ്യതയുണ്ട്.

Read more

വെസ്റ്റ് നൈല്‍ വൈറസ് ഏത് പ്രായത്തിലുള്ളവരിലും ഉണ്ടായേക്കാം. എന്നാല്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍, ഡയബറ്റിസ്, കാന്‍സര്‍, രക്തസമ്മര്‍ദ്ദം, കിഡ്‌നി രോഗങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ ഉള്ളവരില്‍ വൈറസ് ബാധ ഗുരുതരമാവാം. മസ്തിഷ്‌ക വീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയ ഗുരുതരലക്ഷണങ്ങള്‍ ഉള്ളവരില്‍ രോഗം മൂര്‍ച്ഛിക്കാം